ഭുവനേശ്വര്‍: ഒഡീഷയില്‍ പാളം തെറ്റി മറിഞ്ഞ പാസഞ്ചര്‍ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ച് മരിച്ചവരുടെ എണ്ണം ഇരുനൂറ് കവിഞ്ഞു.
വന്‍ അപകടം. ബെംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍ ഹൗറ എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍ ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.
207 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും 900ലധികം പേര്‍ക്കു പരുക്കേറ്റെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചില്‍ തുടരുകയാണെന്നും പരുക്കേറ്റ 400 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്‌നിശമന വിഭാഗം ഡയറക്ടര്‍ ജനറല്‍ സുധാംശു സാരംഗി അറിയിച്ചു.
ഒഡീഷയില്‍ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിന്‍ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേ മന്ത്രി രാവിലെ സംഭവസ്ഥലത്ത് എത്തും. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപയും നല്‍കും.