കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ചിട്ടില്ലെന്ന് എസ്എഫ്‌ഐ നേതാവ് കെ.വിദ്യ. മഹാരാജാസ് കോളജില്‍ ജോലി ചെയ്‌തെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ലെന്നും വിദ്യ അവകാശപ്പെട്ടു.
പാലക്കാട് അട്ടപ്പാടി ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനു മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിയെന്നാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ കെ.വിദ്യയ്‌ക്കെതിരായ (വിദ്യ വിജയന്‍) ആരോപണം. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
ഈമാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ 2 സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നു. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയില്‍ പറയുന്നത്. ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ യഥാര്‍ഥത്തില്‍ മഹാരാജാസിലെ പിജി വിദ്യാര്‍ഥിയായിരുന്നു. ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്.
അതേസമയം, അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നുവെന്ന് വിദ്യ പറഞ്ഞു.