ന്യൂഡല്‍ഹി: ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നല്‍കിയതു വ്യാജ പരാതിയാണെന്നു പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ് വെളിപ്പെടുത്തി. മകളോടു നീതിപൂര്‍വമായ സമീപനമല്ല ബ്രിജ് ഭൂഷണ് ഉണ്ടായിരുന്നതെന്നും അതിനു മറുപടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു വ്യാജപരാതി നല്‍കിയതെന്നും അദ്ദേഹം ദേശീയ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബ്രിജ് ഭൂഷണിനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ മൊഴി മജിസ്‌ട്രേട്ടിനു മുന്നിലും ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍, ഏതാനും ദിവസം മുന്‍പാണു പെണ്‍കുട്ടി പുതിയ മൊഴി നല്‍കിയത്. ആദ്യ പരാതിയില്‍ പറയുന്ന തരത്തില്‍ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നാണു പിതാവിന്റെ വിശദീകരണം.
2022 ല്‍ ലക്‌നൗവില്‍ നടന്ന അണ്ടര്‍ 17 ഏഷ്യന്‍ ചാംപ്യന്‍ഷിപ് യോഗ്യതാ റൗണ്ടിന്റെ ഫൈനലില്‍ പെണ്‍കുട്ടി തോറ്റിരുന്നു. ഇന്ത്യന്‍ ടീമില്‍ സിലക്ഷന്‍ ലഭിക്കാതെ വന്നതോടെയാണു ബ്രിജ് ഭൂഷണിനോടു വിരോധമായതെന്നാണു പിതാവിന്റെ വിശദീകരണം.