ന്യൂയോര്‍ക്ക്: ചൈന 2019 മുതല്‍ ക്യൂബ ആസ്ഥാനമാക്കി ചാരവൃത്തി നടത്തിവരുന്നതായി യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും ശരിയല്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്‌വെളിപ്പെടുത്തി.
രാജ്യാന്തര രംഗത്ത് തങ്ങളുടെ രഹസ്യാന്വേഷണ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ക്യൂബയില്‍ ചൈന നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി തങ്ങള്‍ക്ക് അറിവുണ്ടായിരുന്നതായും പേരു വെളിപ്പെടുത്താത്ത യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചൈനയുടെ ആഗോള മോഹങ്ങള്‍ തടയാന്‍ ബൈഡന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ വെളിപ്പെടുത്തല്‍. രഹസ്യങ്ങള്‍ പിടിച്ചെടുക്കാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് സംവിധാനമുള്ള കേന്ദ്രം ക്യൂബയില്‍ സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും കരാറിലെത്തിയിരുന്നു. സാമ്പത്തിക ഞെരുക്കത്തിലായ ക്യൂബയെ ഇതിന്റെ മറവില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കി ചൈന സഹായിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘വോള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചത്. അതേസമയം ചൈനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആശങ്കയുണ്ടെന്നും ഇക്കാര്യങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കിര്‍ബി പറഞ്ഞു.