യുനൈറ്റഡ് നാഷൻസ്: ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ സേനയാണ് ഇസ്രായേലിന്റേതെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ. യു.എൻ മനുഷ്യാവകാശ വിദഗ്ധനായ ക്രിസ് സിദോത്തി യു.എൻ ഓഫിസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇസ്രായേൽ അധിനിവേശ സേനയെ ‘ക്രിമിനൽ ആർമി’ എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചത്.
ഇസ്രായേൽ സൈന്യം ലോകത്തിലെ ഏറ്റവും ക്രിമിനൽ സൈന്യങ്ങളിൽ ഒന്നാണെന്നായിരുന്നു ക്രിസ് സിദോത്തിയുടെ വാക്കുകൾ. ഇത് കേവലം ആരോപണമല്ല. ആധുനിക ലോകത്തിലെ ഏറ്റവും നഗ്നമായ സത്യമായി കണക്കാക്കണമെന്നും അദ്ദേഹം അടിവരയിട്ടു. ഇസ്രായേലിന്റെ സുഹൃത്തുക്കൾക്കും എതിരാളികൾക്കും നന്നായി അറിയാവുന്ന യാഥാർത്ഥ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ യുവാവിനെ സൈനിക വാഹനത്തിന്റെ മുൻവശത്ത് കെട്ടിയിട്ട് ‘മനുഷ്യകവചം’ ആയി ഉപയോഗിച്ചതാണ് സൈന്യത്തിന്റെ മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തെ തെളിവ്. പരിക്കേറ്റ ഫലസ്തീൻ യുവാവിനെ വെസ്റ്റ് ബാങ്കിലെ ജെനിനിന്റെ പ്രാന്തപ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുടർന്ന് സൈനിക ജീപ്പിന്റെ ബോണറ്റിൽ വിലങ്ങനെ കെട്ടിയിടുകയുമായിരുന്നു.
വെസ്റ്റ് ബാങ്കിൽ നിന്നുള്ള മെഡിക്കൽ സ്റ്റാഫ് മുജാഹിദ് റയ്ദ് അബ്ബാദിയാണ് (24) ഈ യുവാവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ജെനിൻ അഭയാർത്ഥി ക്യാമ്പിലാണ് റയ്ദ് അബ്ബാദിയിപ്പോൾ. ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിനായി എന്തു തരത്തിലുമുള്ള ക്രൂരതകൾ പ്രവൃത്തിക്കാനും സൈന്യം തയ്യാറാവുന്നുവെന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്.