തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച്ച അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
ശക്തമായ കാറ്റും മഴയും തുടരുന്ന പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ മുതല്‍ , പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് അതാത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു .എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ വയനാട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസംവരെ കനത്തമഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നിറയിപ്പു നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.