സിയോൾ: മാലിന്യങ്ങൾ നിറച്ച ബലൂണുകൾ ഉത്തരകൊറിയ പറത്തിയതിന് പിന്നാലെ ദക്ഷിണകൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. വിമാനത്താവളത്തിൽ നിന്നുള്ള ടേക്ക് ഓഫിനേയും ലാൻഡിങ്ങിനേയും ഇത് ബാധിച്ചുവെന്ന് ഇഞ്ചിയോൺ വിമാനത്താവള വക്താവ് അറിയിച്ചു.
ഉത്തരകൊറിയയുടെ ബലൂണുകളിലൊന്ന് പാസഞ്ചർ ടെർമിനലിന് സമീപത്താണ് വീണത്. രണ്ടും മൂന്നും ബലൂണുകൾ റൺവേയുടെ സമീപത്തും വീണു. തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തുകയായിരുന്നു.
നിരവധി ബലൂണുകൾ വിമാനത്താവളത്തിന്റെ അതിർത്തിയിൽ കണ്ടെത്തിയെന്നും വക്താവ് അറിയിച്ചു. ഇതാദ്യമായല്ല ഉത്തരകൊറിയയിൽ നിന്നും 40 കിലോ മീറ്റർ മാത്രം അകലെയുള്ള ഇഞ്ചിയോൺ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇത്തരത്തിൽ നിർത്തുന്നത്. ഇതിന് മുമ്പും ഉത്തരകൊറിയ അയച്ച ബലൂണുകൾ കാരണം വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ 1.46 മുതൽ 4.44 വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിയത്. അതിന് ശേഷം റൺവേകൾ തുറന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലായെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെയായതിനാൽ വിമാനങ്ങൾ കുറവായതിനാൽ വലിയ പ്രശ്നമുണ്ടായില്ലെന്നാണ് സൂചന. ഇഞ്ചിയോണിൽ ഇറങ്ങാനിരുന്ന എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു ഇതിൽ കാർഗോ വിമാനങ്ങളും ഉൾപ്പെടും. അതേസമയം, വിമാനത്താവളം തുറന്നുവെങ്കിലും വിമാനങ്ങൾ വൈകുന്നത് തുടരുകയാണ്.