തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന സുപ്രീം കോടതി നിര്‍ദ്ദേശം സര്‍ക്കാരിന് തലവേദനയാവും. നിലവില്‍ കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്ന രീതി പൂര്‍ണമായി പെളിച്ചെഴുതേണ്ട സ്ഥിയാണ് ഇതിലൂടെ സംജാതമാവുക.
കൊവിഡ് അനുബന്ധ മരണങ്ങള്‍ കൂടി കോവിഡ് മരണങ്ങളായി പരിഗണിക്കപ്പെടണമെന്ന നിര്‍ദ്ദേശം കൂടിവന്നതോടെ സ്ഥിതി അതീവ സങ്കീര്‍ണ്ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്കായി കേരളം കാത്തിരിക്കുകയാണ്. നഷ്ടപരിഹാരം നല്‍കേണ്ട തുക സംസ്ഥാനം തന്നെ കണ്ടെത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാകാന്‍ പോകുന്നത്.
കൊവിഡ് മരണങ്ങള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച നിയമക്കുരുക്കുകളും നേരിടാന്‍ സംസ്ഥാനം പ്രയാസപ്പെടേണ്ടി വരും. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മരണം തീരുമാനിക്കുന്നത് ഡെത്ത് ഓഡിറ്റ് കമ്മിറ്റിയില്‍ നിന്നും ജില്ലാതല കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു.
കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സ്ഥിതിയുണ്ടായാല്‍ നിരവധി തര്‍ക്കങ്ങള്‍ ഇതുസംബന്ധിച്ച് ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. നിലവില്‍ 13,235 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
399 മരണങ്ങള്‍ ഇതില്‍ നിന്നും ഔദ്യോഗികമായി ഒഴിവാക്കിയിരുന്നു.എന്നാല്‍ ഇത് നാലായിരത്തിലധികം വരുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കൊവിഡ് മൂലം മരിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുക എന്നത് കുറ്റമറ്റ രീതിയില്‍ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കുമെന്നത് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നഷ്ടപരിഹാരത്തുക എത്രയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനിക്കാമെന്നാണ് ഇന്നലെ സുപ്രിംകോടതി പറഞ്ഞിരുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ബാധ്യതയുണ്ടെന്ന സുപ്രധാന നിരീക്ഷണവും കോടതി മുന്നോട്ടുവെച്ചു.
കൊവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് എത്രരൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണം എന്നാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാണക്കമെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. കൊവിഡ് മൂലമുള്ള മരണങ്ങള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ച് മാര്‍ഗരേഖ പുറത്തിറക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.