ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടല്‍. രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു. അതേസമയം രണ്ട് ജവാന്മാര്‍ വീരമൃത്യുവരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിയന്ത്രണ രേഖയിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇത്. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം പതിവാകുകയാണ്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലെ ദദാല്‍ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ദദാല്‍ വഴി രാജ്യത്തേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാദ്ധ്യതയുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം 29 മുതല്‍ സൈനികര്‍ മേഖലയില്‍ ശക്തമായി നിരീക്ഷണവും പരിശോധനയും നടത്തിവരികയാണ്.
ഇതിനിടെ ഇന്ന് രാത്രി വനമേഖല വഴി ഭീകരര്‍ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ പാക് ഭീകരരുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈന്യം പ്രതിരോധിച്ചു.
ഇതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും, ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തു. ഭീകരരുടെ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണ രേഖക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായും ജമ്മു കശ്മീരിലെ പ്രതിരോധ വക്താവ് അറിയിച്ചു.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘമായ ലഷ്‌കര്‍ ഇ തൊയ്ബ ജമ്മു മേഖലയിലെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഒരു മാസത്തിനിടെയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ പതിവാകുന്നത്.