ആലുവ: “രസകരമായ അടിക്കുറിപ്പു തയാറാക്കൂ, സമ്മാനം നേടൂ’ എന്ന ആമുഖത്തോടെ കേരള പൊലീസിന്റെ ഫെയ്‌സ് ബുക് പേജില്‍ വന്ന തെരുവുനായയുടെ ചിത്രം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹിറ്റായി. കമന്റ് ബോക്‌സില്‍ നിറയുന്നത് ആയിരക്കണക്കിന് അഭിപ്രായങ്ങള്‍.
ആലുവ യുസി കോളജ് പോസ്റ്റ് ഓഫിസിനു മുന്‍പില്‍ നിര്‍ത്തിയിട്ട പൊലീസ് ജീപ്പിന്റെ അരികില്‍ ഇരു കൈകളുമുയര്‍ത്തി നില്‍ക്കുന്ന തെരുവുനായ്. ജീപ്പ് ഓടിക്കുന്ന ഉദ്യോഗസ്ഥന്‍ അതിനെന്തോ തിന്നാന്‍ കൊടുക്കുന്നു. ഇതാണു ചിത്രം.
3 മാസം പിന്നിലേക്കു നീളുന്ന ഒരു ലോക്ഡൗണ്‍ സ്‌നേഹകഥയിലെ നായികയാണു ചിത്രത്തിലെ നായ്. ശനിയാഴ്ച വൈകിട്ട് ആലുവ സ്റ്റേഷനിലെ എസ്‌ഐ കെ.വി. ചാക്കോ, എഎസ്‌ഐ ഇക്ബാല്‍, കെഎപിയിലെ സിപിഒ വി.ജി. ദീപേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം കണ്ടാണു നായ റോഡിലേക്കു ചാടിവീണത്.
ലോക്ഡൗണ്‍ കാലത്തു പോസ്റ്റ് ഓഫിസിനു സമീപം സ്ഥിരം പൊലീസ് പിക്കറ്റ് ഉണ്ടായിരുന്നു. 5 കുഞ്ഞുങ്ങളുമായി അലഞ്ഞുനടന്ന നായയ്ക്ക് അന്നു പൊലീസുകാര്‍ ബിസ്കറ്റും മുട്ടയും ഭക്ഷണസാധനങ്ങളും നല്‍കുക പതിവായിരുന്നു.
ഇടയ്ക്കു വാഹനം ഇടിച്ചപ്പോഴും പൊലീസ് രക്ഷയ്‌ക്കെത്തി. പിക്കറ്റ് അവസാനിച്ച് ഒരു മാസം കഴിഞ്ഞെങ്കിലും പൊലീസ് ജീപ്പ് കണ്ടപ്പോള്‍ അവള്‍ സ്‌നേഹത്തോടെ ഓടിയെത്തിയതാണ്. പക്ഷേ, അവരുടെ പക്കല്‍ കൊടുക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. നായ പിന്മാറാതെ നിന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ കോളജ് ജംക്ഷനില്‍ പോയി ബിസ്കറ്റുമായെത്തി.
സിപിഒ ദീപേഷാണ് ഈ രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. 5 കുഞ്ഞുങ്ങളില്‍ ഒന്നുപോലും ഇന്ന് അമ്മയ്‌ക്കൊപ്പമില്ല. വളര്‍ത്താനായി പലരും കൊണ്ടുപോയതോടെ വീണ്ടും തനിച്ചായി.