പി.പി. ചെറിയാന്‍
സരസോട്ട (ഫ്‌ളോറിഡ): സൗത്ത് വെസ്റ്റ് ഫ്‌ളോറിഡാ ഇന്റര്‍ നാഷനല്‍ വിമാനത്താവളത്തില്‍ ഡല്‍റ്റാ എയര്‍ലൈന്‍സ് ജറ്റില്‍ ബോര്‍ഡിംഗ് നടത്തിയ യാത്രക്കാരില്‍ ഒരു യുവതി മാസ്ക്ക് ധരിക്കാന്‍ വിസമ്മതിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതിനെ തുടര്‍ന്ന് പൊലിസ് എത്തി അറസ്റ്റു ചെയ്തു. ജൂലായ് 14 ബുധനാഴ്ചയായിരുന്നു സംഭവം. 23 വയസ്സുള്ള അഡിലെയ്ഡ് ക്രൊവാംഗിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത് ലീ കൗണ്ടി ജയിലില്‍ അടച്ചത്. ഇവര്‍ക്ക് 65000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
മാസ്ക്ക് ധരിക്കാതിരുന്ന അഡ്‌ലെയ്ഡിനോടു മാസ്ക്ക് ധരിക്കാന്‍ വിമാന ജോലിക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല. മാത്രമല്ല ഇവര്‍ വാതിലിനു സമീപം ഇരിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതായി പൊലീസ് പറയുന്നു. ഒടുവില്‍ ക്യാപ്റ്റന്‍ എത്തി ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
പൊലീസിനോടും ഇവര്‍ തട്ടികയറുകയും അറസ്റ്റിനെ എതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ ഇവരെ ബലപ്രയോഗത്തില്‍ കീഴടക്കുകയും, കൈവിലങ്ങണിയിച്ചു പുറത്തു കൊണ്ടുപോകുകയും ചെയ്തു. ഇവര്‍ക്കെതിരെ പൊലീസിനെ എതിര്‍ക്കല്‍, വിമാന യാത്രക്ക് തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ മുഖവും, മൂക്കും ശരിയായി അടയ്ക്കണമെന്ന നിര്‍ദേശമാണ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍ നല്‍കിയിട്ടുള്ളത്.