ന്യൂഡല്‍ഹി: സംഘടനാതല അഴിച്ചുപണിയുടെ ഭാഗമായി ‘ഒരാള്‍ക്ക് ഒരു പദവി’ നയം പാര്‍ട്ടിയില്‍ കര്‍ശനമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു.
നേതാക്കളില്‍ ചിലര്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണിത്. കൂടുതല്‍ പേരെ നേതൃപദവികളില്‍ നിയമിക്കാനും ഇതു വഴിയൊരുക്കും.
പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനു മുന്‍പ് അഴിച്ചുപണി നടത്താനാണു ശ്രമം. അധീര്‍ രഞ്ജന്‍ ചൗധരി (ബംഗാള്‍ പിസിസി പ്രസിഡന്റ്, ലോക്‌സഭാ കക്ഷി നേതാവ്), കമല്‍നാഥ് (മധ്യപ്രദേശ് പിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്), കൊടിക്കുന്നില്‍ സുരേഷ് (ലോക്‌സഭാ ചീഫ് വിപ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്) തുടങ്ങിയവര്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്നുണ്ട്.
ഒരാള്‍ക്ക് ഒരു പദവി നയം കര്‍ശനമായി നടപ്പാക്കിയാല്‍, പദവികളിലൊന്നില്‍ നിന്ന് ഇവരെ ഒഴിവാക്കിയേക്കും.
അധീറിനെ ലോക്‌സഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് എംപിമാരില്‍ ഒരു വിഭാഗം ആഗ്രഹിക്കുന്നു.
ബിജെപിയെ നേരിടുന്നതില്‍ അധീര്‍ പരാജയമാണെന്നാണ് ഇവരുടെ വാദം. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍, പിസിസി പ്രസിഡന്റ് പദവിയില്‍ നിന്ന് അധീറിനെ നീക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ ഏതാനും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടാനുള്ള തുടര്‍ചര്‍ച്ചകളും വരും ദിവസങ്ങളില്‍ നടക്കും.