തൃശൂര്‍: പതിറ്റാണ്ടുകളായി സി.പി.എം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ കൊള്ള. പരിശോധനയുടെ ഓരോ ഘട്ടങ്ങളിലും വെളിപ്പെടുന്നത് വെട്ടിപ്പുകളുടെ ആഴമേറുന്ന തെളിവുകള്‍.
സര്‍ക്കാറിന്‍െറ പ്രാഥമിക പരിശോധനയില്‍ 104 കോടിയുടെ നഷ്ടമാണ് കണ്ടെത്തിയത്. അനൗദ്യോഗിക കണക്കില്‍ 300 കോടിയിലധികം വരുമെങ്കിലും ഇത് ഇനിയും ഉയരുമെന്നാണ് സൂചന. 1700ലധികം വായ്പകള്‍ കിട്ടാക്കടമായി തള്ളിയതായി കണ്ടെത്തി. ഇതില്‍ 500ഓളം വായ്പകള്‍ 25 ലക്ഷത്തിന് മുകളിലാണ്.
സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെയും സഹകരണ വകുപ്പിന്‍െറ നേതൃത്വത്തില്‍ ജോ. രജിസ്ട്രാറുടെയും പരിശോധന പുരോഗമിക്കുകയാണ്. കേരള ബാങ്കും പരിശോധന തുടങ്ങിയിട്ടുണ്ട്.
പ്രസിഡന്‍റിെന്‍റ ഒപ്പില്ലാതെയും വ്യാജ ഒപ്പിട്ടും കൃത്രിമ രേഖകള്‍ ഉപയോഗിച്ചും അംഗത്വം മാത്രമുള്ളവരുടെ പേരില്‍ രേഖയുണ്ടാക്കിയുമെല്ലാം വന്‍തോതില്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്.
46 അപേക്ഷകളില്‍നിന്നാണ് 50 കോടിയിലധികം വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. സഹകരണ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് വായ്പകളില്‍ ഏറെയും നല്‍കിയിരിക്കുന്നത്. മുമ്പ് ഓഡിറ്റില്‍ ഇത്തരം കാര്യങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന് നിര്‍ദേശിച്ച കുറിപ്പില്‍ മറുപടി പോലും നല്‍കാതെ തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ മേയ് മാസത്തിലും വായ്പകള്‍ ക്രമവത്കരിക്കാനും കണക്കുകള്‍ വ്യക്തത വരുത്തി നല്‍കാനും നിര്‍ദേശിച്ച് നല്‍കിയ റിപ്പോര്‍ട്ടിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.
2020 മാര്‍ച്ചില്‍ 30 കോടി രൂപ കേരള ബാങ്കില്‍നിന്ന് കരുവന്നൂര്‍ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതിന് പുറമെയാണ് നിലവിലെ പ്രതിസന്ധിയില്‍ ബാങ്ക് ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ളവയില്‍ ആലോചന നടക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇക്കാര്യത്തില്‍കൂടി പരിശോധന നടത്തുന്നുണ്ടെന്നാണ് പറയുന്നത്.