തിരുവനന്തപുരം: എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലാണ് ഇരുചക്രവാഹനത്തില്‍ എത്തിയ ആള്‍ സ്‌ഫോടകവസ്തു എറിഞ്ഞത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നതു പ്രകാരം വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സ്‌ഫോടനമുണ്ടായത്. എകെജി സെന്റര്‍ ആക്രമണത്തിനു പിന്നാലെ തലസ്ഥാനത്തും ആലപ്പുഴ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
ബോംബാക്രമണമാണ് ഉണ്ടായതെന്നും ബോധപൂര്‍വമുള്ള കലാപശ്രമമാണിതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു. എകെജി സെന്ററിനു സമീപം വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ മന്ത്രി ആന്റണി രാജു, സിപിഎം പിബി അംഗം എ.വിജയരാഘവന്‍, പി.കെ. ശ്രീമതി തുടങ്ങിയവര്‍ എകെജി സെന്ററിലെത്തി. ബോധപൂര്‍വമുള്ള പ്രകോപനശ്രമമാണ് ഉണ്ടായതെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്തി.
കേരളത്തെ കലാപഭൂമിയാക്കാനുളള ശ്രമമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴരുത്. സമാധാനപരമായി പ്രതിഷേധിക്കണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.