പി പി ചെറിയാൻ
ഡാലസ് : ഡാലസിൽ കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി 20 ശതമാനത്തിലധികമാണ് കോവിഡ് കേസുകൾ വർധിച്ചിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 36 ശതമാനം വർധനവുണ്ടായി.
കോവിഡ് വ്യാപനം വർധിച്ചതോടെ കൗണ്ടി റിസ്ക് ലവൽ യെല്ലോയായി ഉയർത്തി. വാക്സീൻ സ്വീകരിക്കാത്തവരിലും, രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരിലുമാണ് രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമാകുന്നത്.
കഴിഞ്ഞ രണ്ടു സീസണുകളിലേതിൽ നിന്നും കുറവു കേസുകളാണ് ഈ വർഷം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കൗണ്ടി അധികൃതർ ചൂണ്ടികാട്ടി. റിസ്ക് ലവൽ ഉയർത്തിയതോടെ വാക്സിനേഷനും ബൂസ്റ്റർ ഡോസും സ്വീകരിക്കണമെന്ന് ഡാലസ് കൗണ്ടി അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
നോർത്ത് ടെക്സസിലെ ഡാലസ്, കോളിൻ, കൗണ്ടികളിലും റിസ്ക് ലവൽ യെല്ലോയാക്കി ഉയർത്തിയപ്പോൾ ടറന്റ് കൗണ്ടി റിസ്ക് ലവൽ റെഡ് ആക്കി ഉയർത്തിയിരുന്നു.