Tuesday, April 22, 2025

HomeMain Storyബ്രിട്ടനില്‍ സര്‍ക്കാര്‍ വീഴുന്നു, ബോറിസ് ജോണ്‍സന്‍ രാജി വെക്കും

ബ്രിട്ടനില്‍ സര്‍ക്കാര്‍ വീഴുന്നു, ബോറിസ് ജോണ്‍സന്‍ രാജി വെക്കും

spot_img
spot_img

ലണ്ടന്‍: തുടര്‍ച്ചയായ രാജിയില്‍ വിറച്ച് ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്. നാല്‍പ്പതില്‍ അധികം മന്ത്രിമാരാണ് രാജിവെച്ചിരിക്കുന്നത്. ഇവരുടെ വിശ്വസ്തര്‍ അടക്കം അന്‍പതില്‍ അധികം പേര്‍ മൊത്തത്തില്‍ രാജിവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ബോറിസ് ജോണ്‍സന്‍ ഇന്ന് രാജിവെക്കും. വൈകീട്ടോടെ രാജി പ്രഖ്യാപിക്കുമെന്നാണ് സൂചനയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിയമിക്കപ്പെട്ട മന്ത്രിമാരെല്ലാം അദ്ദേഹത്തെ കൈവിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മണിക്കൂറിനിടെ എട്ട് മന്ത്രിമാരാണ് രാജിവെച്ചത്. ഒപ്പം രണ്ട് സ്റ്റേറ്റ് സെക്രട്ടറിമാരും രാജിവെച്ചു.

അതേസമയം മന്ത്രിമാരുടെ തുടര്‍ രാജി സര്‍ക്കാരില്‍ പിടിച്ച് നില്‍ക്കാനുള്ള അവസാനത്തെ മാര്‍ഗവും ബോറിസ് ജോണ്‍സന് ഇല്ലാതാക്കിയിരിക്കുകയാണ്. അദ്ദേഹം രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് ബോറിസ് ജോണ്‍സന്‍ രാജിവെക്കുമെന്ന് ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ക്രിസ് മേസന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി സ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു ജോണ്‍സന്‍. പക്ഷേ നേതാക്കളെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു. സഖ്യകക്ഷികളെല്ലാം അദ്ദേഹത്തെ കൈവിട്ട് കഴിഞ്ഞു.

2019ലാണ് ബോറിസ് ജോണ്‍സന്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒരിക്കലും ജയിപ്പിക്കാത്ത ഇടങ്ങളില്‍ പോലും ജോണ്‍സന്റെ നേതൃത്വത്തില്‍ വിജയം നേടിയിരുന്നു. അതേസമയം പുതിയ ധനമന്ത്രി നദീം സഹാവി പോലും ബോറിസ് ജോണ്‍സനോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സഹാവി ഇന്നലെയാണ് മന്ത്രി സ്ഥാനത്ത് നിയമിതനായത്. ഒരിക്കലും പിടിച്ച് നില്‍ക്കാനാവില്ല. ഇനിയും മോശമാകും സാഹചര്യങ്ങള്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മാത്രമല്ല രാജ്യത്തിനും അത് ദോഷകരമായി ബാധിക്കുമെന്ന് സഹാവി മുന്നറിയിപ്പ് നല്‍കി. രാജിവെക്കുക എന്നതാണ് കൃത്യമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്‍ഡ് ഷാപ്പ്സ്, ബിസിനസ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെങ് എന്നീ സീനിയര്‍മാര്‍ ജോണ്‍സനോട് രാജിവെച്ച് പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിഷി സുനാകും, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവീദും നേരത്തെ രാജിവെച്ചിരുന്നു. ഇന്ന് രാവിലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ബ്രാന്‍ഡന്‍ ലൂയിസും ട്രഷറി മന്ത്രി ഹെലന്‍ വാറ്റ്ലിയുമാണ് രാജിവെച്ചത്. മന്ത്രിസഭയിലെ പ്രമുഖനായ മൈക്കിള്‍ ഗോവിനെ ജോണ്‍സന്‍ പുറത്തായിരുന്നു. അതേസമയം 32 പേര്‍ ജോണ്‍സന് എതിരായി വോട്ട് ചെയ്താല്‍ സര്‍ക്കാര്‍ വീഴും. 24 മണിക്കൂറിനിടെയുള്ള രാജി തന്നെ ആ എണ്ണം കവിഞ്ഞിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments