ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന. ജൂണ്‍ അവസാനവാരം കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഒരു ചൈനീസ് വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്ക് വളരെ അടുത്ത് എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പെട്ടെന്ന് തന്നെ ഇതിനോട് പ്രതികരിക്കുകയും ആക്രമണ സാധ്യത മുന്നില്‍ കണ്ട് എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നു എന്നും സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ചെറിയ ഇടവേളയ്ക്ക് ശേഷം കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ ചൈനയുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന വ്യോമാതിര്‍ത്തി ലംഘനത്തിന്റെ ആദ്യ സംഭവങ്ങളിലൊന്നാണിത്.
അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ഐ എ എഫ് റഡാറാണ് ചൈനീസ് വിമാനം പിടിച്ചെടുത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കിനടുത്ത് ചൈനീസ് വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഒരു പ്രധാന അഭ്യാസം നടക്കുന്ന സമയത്താണ് സംഭവം നടന്നത്. അഭ്യാസത്തിനിടെ വ്യോമ പ്രതിരോധ ആയുധങ്ങളാണ് പ്രധാനമായും ഉപയോഗിച്ചത്.
ആളില്ലാ വിമാനമല്ല മറിച്ച് ജെറ്റ് തന്നെയാണ് അതിര്‍ത്തി കടന്നത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ് എന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി. 2020-ല്‍ ചെയ്തതു പോലെ ചൈനക്കാരുടെ സാധ്യമായ ദുഷ്പ്രവൃത്തികള്‍ തടയാന്‍ കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ ഇന്ത്യന്‍ പക്ഷം ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും നിയന്ത്രണ രേഖയില്‍ സൈനിക പിന്മാറ്റ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ചൈനയുടെ പ്രകോപനം.
ഏതാനും മാസങ്ങളായി കമാന്റര്‍ തല ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഇല്ലെങ്കിലും മറ്റ് പ്രകോപനങ്ങള്‍ ഉണ്ടായിരുന്നില്ല. സൈനിക റഡാറിലാണ് വളരെ ഉയരത്തില്‍ പറന്ന ചൈനീസ് യുദ്ധവിമാനം ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം ഇരുരാജ്യങ്ങളുടേയും പ്രതിരോധ വകുപ്പുകള്‍ സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരസ്പരം കൈമാറിയിട്ടുണ്ട്. 2020 ല്‍ നടത്തിയത് പോലെ ചൈനയുടെ ഭാഗത്ത് നിന്നും ധാരണകള്‍ തെറ്റിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കും എന്ന് പ്രതിരോധ വകുപ്പ് ബീജിംഗിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഈ മേഖലയുടെ ചുമതലയുള്ള ഐ എ എഫിന്റെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന് ഏത് വെല്ലുവിളിയും നേരിടാന്‍ ഫ്രഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങളുണ്ട്. ഈ മേഖലയില്‍ ഇന്ത്യ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും വിന്യസിച്ചിട്ടുണ്ട്. ചൈനയാകട്ടെ ലഡാക്കിനടുത്തുള്ള തങ്ങളുടെ വ്യോമതാവളങ്ങള്‍ നവീകരിക്കുകയും മേഖലയില്‍ നിരവധി വിമാനങ്ങളും യുഎവികളും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.