തിരുവനന്തപുരം: ഗോള്‍വാള്‍ക്കറെ കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ് എന്ന് വി.ഡി സതീശന്‍. മുന്‍ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഗോള്‍വാള്‍ക്കറുടേതിന് സമാനമാണെന്ന പ്രസ്താവനയ്‌ക്കെതിരെ ആര്‍.എസ്.എസ് അയച്ച വക്കീല്‍ നോട്ടീസിനും മറുപടിയായാണ് വിഡി സതീശന്‍ നിലപാട് വ്യക്തമാക്കിയത്. പ്രസ്ഥവന 24 മണിക്കൂറിനകം പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു ആര്‍.എസ്.എസ്സിന്റെ വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്.
ഭരണഘടനയെ വിമര്‍ശിച്ച് മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യിലേതിന് സമാനമാണെന്ന പരാമര്‍ശത്തേത്തുടര്‍ന്നാണ് ആര്‍.എസ്.എസ് നടപടി. വിചാരധാരയില്‍ സതീശന്‍ ആരോപിച്ച വാക്കുകളില്ലെന്ന് ആരോപിച്ചാണ് ആര്‍.എസ്.എസ് നീക്കം. നിയമസഭയിലും പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സതീശന്‍ വാക്കുകള്‍ ആവര്‍ത്തിച്ചിരുന്നു. ആര്‍.എസ്.എസ് സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ ‘ബഞ്ച് ഒഫ് തോട്ട്‌സ്’ എന്ന പുസ്‌കത്തില്‍ സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
പ്രതിപക്ഷ നേതാവ് വാക്കുകള്‍ പിന്‍വലിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തിരുത്തി പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. വി.ഡി സതീശന്‍ പറഞ്ഞ വാക്കുകള്‍ വിചാരധാരയില്‍ എവിടെയാണെന്ന് അറിയിക്കണം. അതിനുസാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം, ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആര്‍.എസ്.എസ് നോട്ടീസില്‍ പറയുന്നു.
”ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതുപോലുള്ള പരാമര്‍ശം എവിടേയും ഇല്ല. അത് താങ്കള്‍ കാണിച്ചുതരണം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ താങ്കള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവിനേപ്പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലുള്ള താങ്കള്‍ ഇത്തരത്തില്‍ തെറ്റിദ്ധാരണ ജനകമായ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണം. മാധ്യമങ്ങള്‍ മുന്‍പാകെ തിരുത്തിപ്പറയണം. അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടി സ്വീകരിക്കും…” ആര്‍.എസ്.എസ് നോട്ടീസില്‍ പറയുന്നു. ആര്‍.എസ്.എസ് പ്രാന്ത സംഘ് ചാലക് കെ.കെ ബലറാമാണ് നിയമ നടപടി തുടങ്ങുന്നതിന് മുന്‍പ് മുന്നറിയിപ്പ് നോട്ടീസ് അയച്ചത്.