കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ അവശ്യ വസ്തുക്കള്‍ക്കെല്ലാം തീവിലയാണ്. ഇന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കൂറ്റന്‍ റാലി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രസിഡന്റ് ഗോതാബായ രാജപക്സെ വീട് വിട്ട് രക്ഷപ്പെട്ടത്. പ്രക്ഷോഭകര്‍ വീട് വളഞ്ഞതോടെ ആംബുലന്‍സില്‍ പ്രസിഡന്റ് രക്ഷപ്പെടുകയായിരുന്നുവെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞത്. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സൈനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.
കൊളംബോയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ, കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സൈന്യത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. മാസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നാണ് ആരോപണം. മാര്‍ച്ച് മുതല്‍ തന്നെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.