പനാജി: ഗോവയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധി. ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം മുമ്പ് ചേര്‍ന്ന യോഗത്തില്‍ നിന്നാണ് പാര്‍ട്ടി എം എല്‍ എമാര്‍ വിട്ടുനിന്നിരിക്കുന്നത്.
ഇവരില്‍ പലരും ബി ജെ പിയുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിയമസഭയുടെ രണ്ടാഴ്ചത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ് എന്ന് വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് പ്രതികരിച്ചു.
ഭരണകക്ഷിയായ ബി ജെ പിയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ ദിഗംബര്‍ കാമത്ത് അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നിഷേധിച്ചു.
അതേസമയം മൈക്കിള്‍ ലോബോയും ഭാര്യ ഡെലീല ലോബോയും ഒമ്പത് എം എല്‍ എമാരുമാണ് ബി ജെ പി വിടാന്‍ നില്‍ക്കുന്നത് എന്നാണ് റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലോബോയും ഭാര്യയും ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ജയില്‍ ചാടിയ കൊലക്കേസ് പ്രതി 16 മണിക്കൂറിനുള്ളില്‍ പിടിയില്‍; വിവരം നല്‍കിയത് ബന്ധുക്കള്‍ജയില്‍ ചാടിയ കൊലക്കേസ് പ്രതി 16 മണിക്കൂറിനുള്ളില്‍ പിടിയില്‍; വിവരം നല്‍കിയത് ബന്ധുക്കള്‍
നോര്‍ത്ത് ഗോവയില്‍ നിന്നുള്ള ശക്തനായ ലോബോ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയും ഗോവ മന്ത്രിസഭയില്‍ സംസ്ഥാന തുറമുഖ, മാലിന്യ സംസ്‌കരണ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു. നേരത്തെ ഈ വര്‍ഷം അവസാനത്തോടെ ബി ജെ പിയ്ക്ക് ഗോവയില്‍ 30 എം എല്‍ എമാരുണ്ടാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന ഇന്‍ചാര്‍ജുമായ സി ടി രവി പറഞ്ഞിരുന്നു.
അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗോവ നിയമസഭാ സ്പീക്കര്‍ രമേഷ് തവാദ്കര്‍ ഞായറാഴ്ച റദ്ദാക്കി. ഗോവയിലെ 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) 25 അംഗങ്ങളും പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11 അംഗങ്ങളുമാണുള്ളത്.