Saturday, April 19, 2025

HomeMain Storyകത്ത് പള്‍സര്‍ സുനിയുടെ തന്നെ: ശ്രീലേഖ പറയുന്നത് പച്ചക്കള്ളമെന്ന് സാക്ഷി ജിന്‍സന്‍

കത്ത് പള്‍സര്‍ സുനിയുടെ തന്നെ: ശ്രീലേഖ പറയുന്നത് പച്ചക്കള്ളമെന്ന് സാക്ഷി ജിന്‍സന്‍

spot_img
spot_img

തൃശൂര്‍: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ പച്ചക്കളളമാണെന്ന് സാക്ഷി ജിന്‍സന്‍. പുറത്തുവന്ന കത്ത് പള്‍സര്‍ സുനിയുടെത് തന്നെയാണ്. കത്ത് എഴുതിയത് സുനിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സുനി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ സഹതടവുകാരന്‍ വിപിന്‍ലാലാണ് എഴുതിയത്. ഇതിന് ജയിലിലെ സിസി ടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും ജിന്‍സന്‍ പറഞ്ഞു.

ആദ്യം ഒരു റഫ് എഴുതി. സുനിയുടെ കൈയക്ഷരം മോശമായതിനാലാണ് സഹതടവുകാരന്‍ എഴുതിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കോടതിയില്‍ നല്‍കിയതാണ്. ഇത് കോടതിക്ക് പോലും ബോധ്യമയാതാണെന്നാണ് തനിക്ക് തോന്നിയതെന്ന് ജിന്‍സന്‍ പറഞ്ഞു. മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തലില്‍ പൊലീസ് നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ കത്തെഴുതിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ജിന്‍സന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് വ്യക്തമായ പങ്കുണ്ട്. കേസ് അട്ടിമറിക്കാനാണ് മുന്‍ ഡിജിപിയുടെ ശ്രമം. തങ്ങളെ പോലയുള്ള സാധാരണക്കാര്‍ നല്‍കിയ മൊഴിയെ പൊതുസമൂഹത്തിന് മുന്നില്‍ അട്ടിമറിക്കുകയാണ് ശ്രീലേഖയെ പോലുള്ള ഉന്നതര്‍ ചെയ്യുന്നത്. ദിലീപിനോട് ആരാധനമൂത്ത് ഭ്രാന്തായ സ്ത്രീയാണ് ഇവര്‍. ജയിലില്‍ എല്ലാ പ്രതികളും നിലത്തല്ലാതെ സപ്രമഞ്ചലില്‍ കിടത്താന്‍ പറ്റുമോയെന്നും ജിന്‍സന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു. പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പള്‍സര്‍ സുനി തയാറാക്കിയതല്ലെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കണമെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായി പിസി ജോര്‍ജ് പറഞ്ഞു. ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ കേസ്, പൊലീസ് ക്രമവിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുന്നുവെന്ന് പിസി ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

”പൊലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ഈ കേസിന്റെ സത്യാവസ്ഥ ഞാന്‍ പറഞ്ഞപ്പോള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ബിഷപ് ഫ്രാങ്കോയുടെ കേസിലും ഞാന്‍ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍…” പിസി ജോര്‍ജിന്റെ കുറിപ്പില്‍ പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശീലേഖയുടെ വെളിപ്പെടുത്തല്‍ കേസിലെ പ്രതി നടന്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാതിരുന്നതെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു.

ഒരു വ്യക്തിക്കും എന്തുപറയാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ട്. അതുപയോഗിച്ച് ഇഷ്ടപ്പെട്ട നടനെ രക്ഷിക്കാനുള്ള തിരക്കഥയാണ് ഇപ്പോള്‍ ശ്രീലേഖ ഒരുക്കിയത്. റിട്ടയര്‍ ചെയ്യാന്‍ അവര്‍ കാത്തിരിക്കുയായിരുന്നു. ആദ്യം തന്നെ പ്രതിയുടെ വിഷമങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ അതിന്റെ രണ്ടാംഘട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പറഞ്ഞതിന്റെ സൂചന മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

സത്യസന്ധയായ ഉദ്യോഗസ്ഥയാണ് അവര്‍ ദിലീപിനോട് ചോദിക്കേണ്ടത് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഫോണ്‍ ഒളിപ്പിച്ചത് എന്തിനാണെന്നാണ് ചോദിക്കേണ്ടത്. പോലീസ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ ദീലിപ് തയ്യാറാകണമെന്നായിരുന്നു അവര്‍ പറയേണ്ടത്ത്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഒരുതരത്തിലും കേസിനെ ബാധിക്കില്ല. ഇപ്പോഴും അവര്‍ക്ക് ബോധ്യമുള്ള കാര്യങ്ങള്‍ വച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാമല്ലോ?

അവര്‍യൂ ട്യൂബില്‍ വന്ന് പറയുന്നതല്ലാതെ രേഖാ മൂലം കോടതിയിലെ സര്‍ക്കാരിലോ എഴുതി നല്‍കട്ടെ? തെളിവുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ?.ദിലീപ് തെറ്റ് ചെയ്തതായി താന്‍ കണ്ടിട്ടില്ല. തന്റെ മുന്നിലുള്ള തെളിവുകളാണ് താന്‍ പൊലീസിന് നല്‍കിയത്. വരും ദിവസങ്ങളില്‍ ഇതുപോലെ അവതാരങ്ങള്‍ ഇനിയും വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments