തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ന്യായീകരിച്ച് മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ നടത്തിയ വാദങ്ങള്‍ പൊളിയുന്നു. പള്‍സര്‍ സുനിയും ദിലീപുമൊപ്പമുള്ള ചിത്രത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍. തൃശൂര്‍ സ്വദേശിയായ ബിദിലാണ് ദിലീപിനൊപ്പമുള്ള ചിത്രം പകര്‍ത്തിയത്.
ഇക്കാര്യത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖ പറയുന്നത് അടിസ്ഥാനമില്ലാത്തതാണെന്നും ബിദില്‍ പറയുന്നു. ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതെന്നായിരുന്നു മുന്‍ ഡി.ജി.പി ശ്രീലേഖയുടെ ആരോപണം. ഇക്കാര്യം തന്നോട് പറഞ്ഞത് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
ഈ കേസിലെ സാക്ഷി കൂടിയായിരുന്നു ബിദില്‍. പുഴയ്ക്കല്‍ ടെന്നീസ് ക്ലബ്ബില്‍ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് സെല്‍ഫിയെടുത്തത്. ഈ ചിത്രം താന്‍ എഡിറ്റ് ചെയ്തിട്ടില്ല. അതിന്റെ പുറകില്‍ നില്‍ക്കുന്ന ആള്‍ പള്‍സര്‍ സുനിയാണെന്ന കാര്യം ഇപ്പോഴും അറിയില്ല. ഫോട്ടോ എടുത്ത മൊബൈല്‍ അന്ന് തന്നെ ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു.
ഈ ചിത്രം മാര്‍ഫ് ചെയ്യേണ്ട ഒരു ആവശ്യം തനിക്കില്ല. എടുത്ത ഉടനെ തന്നെ താന്‍ ഈ ഫോട്ടോ സാമൂഹികമാധ്യമങ്ങളിലും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതായും ബിദില്‍ പറയുന്നു ഫോട്ടോയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങളെല്ലാം കോടതിയില്‍ മൊഴി നല്‍കിയതാണെന്നും ബിദില്‍ പറഞ്ഞു.
അന്ന് എല്ലാവരും എന്റെ ഫോണില്‍ നിന്നാണ് ഫോട്ടോ എടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നപ്പോള്‍ ദിലീപേട്ടനുമായി എടുത്ത സെല്‍ഫിയാണത്. ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്നവരും അന്ന് അവിടെ വച്ച് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ എഡിറ്റ് ചെയ്യേണ്ട ഒരു ആവശ്യവുമില്ല. ഫേസ്ബുക്കിലൊക്കെ പോസ്റ്റ് ചെയ്ത ചിത്രമാണതെന്നും വിധില്‍ പറഞ്ഞു.
അന്ന് കേസുമായി ബന്ധപ്പെട്ട് സി ഐ സാര്‍ ഫോട്ടോയെ കുറിച്ച് ചോദിച്ചിരുന്നു. പിറ്റേ ദിവസം ഫോണുമായി സ്റ്റേഷനിലേക്ക് പോയിരുന്നു. അവിടെ നിന്ന് റിക്കവര്‍ ചെയ്ത് ഫോട്ടോ എടുത്തെന്നും അദ്ദേഹം പറയുന്നു. ഒരു കൗതുകത്തിന് എടുത്ത ഫോട്ടായായിരുന്നു അത്. ഈ ഫോട്ടോയാണ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായി മാറിയത്.
കേസില്‍ ഏറ്റവും നിര്‍ണായകമായ ഫോട്ടോയെ കുറിച്ചാണ് ശ്രീലേഖ കഴിഞ്ഞ ദിവസം വീഡിയോയില്‍ പറഞ്ഞത്. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് വെറുതേ പറഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു ശരിയാണ് എന്നാണ് ശ്രീലേഖ പറഞ്ഞത്. ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെ…
ദിലീപിനെതിരായ തെളിവായ എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രമാണെന്നും ദിലീപും വേറൊരാളും നില്‍ക്കുമ്പോള്‍ പുറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം.അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പോലീസുകാരന്‍ തന്നെ കാണിച്ചത്.
ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാന്‍ വെറുതേ പറഞ്ഞു.അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വളരെ ഷോക്കായിരുന്നു’.
രണ്ട് പേരുടെയും ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചര്‍ച്ച. എന്നാല്‍ അന്ന് എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിരവധി താരങ്ങളും അവരുടെ ഡ്രൈവര്‍മാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒരു ടവര്‍ ലൊക്കേഷന് കീഴില്‍ ഇരുവരും ഉണ്ടായിരുന്നുവെന്നതൊന്നും തെളിവായി കണക്കാക്കാനേ സാധിക്കില്ലെന്നും ആര്‍ ശ്രീലേഖ വീഡിയോയില്‍ പറഞ്ഞിരുന്നു.