തിരുവനന്തപുരം: തന്നെ വിധവയാക്കിയത് സിപിഎമ്മാണെന്നും ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ലെന്നും വടകര എം.എല്‍.എ കെ.കെ. രമ.
നിയമസഭയില്‍ എം.എം മണി നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍.
”മുഖ്യമന്ത്രി പറഞ്ഞത്കൊണ്ടാണ് മണി മാപ്പു പറയാത്തത്. ചന്ദ്ര ശേഖരനെ കൊന്നത് സിപിഎമ്മാണ്, സിപിഎം അദ്ദേഹത്തെ കൊന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണിപ്പോള്‍. കുലം കുത്തിയെന്ന് വിളിച്ച മനോഭാവം ഇപ്പോഴും തുടരുന്നു.
ഞങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ച, ഞങ്ങള്‍ സര്‍ക്കാരിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നു, വിമര്‍ശിച്ചുകൊണ്ടിരിക്കുന്നു, ഇതൊക്കെ തീര്‍ച്ചയായിട്ടും അവരെ അസ്വസ്ഥമാക്കുന്നുണ്ട്, അതുകൊണ്ടാണ് ഇത്തരത്തിലുള്ള മനുഷ്യത്വമില്ലാത്ത പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. മഹതി എന്നാണ് ബഹുമാനപ്പെട്ട എംഎം മണി എന്നെ വിളിച്ചത്, മുഖ്യമന്ത്രിയോ സ്പീക്കറോ തിരുത്തല്‍ നടപടി കൈക്കൊണ്ടില്ല”- കെ.കെ രമ പറഞ്ഞു.
‘മണി അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മുഖ്യമന്ത്രിയാണ് മണിയെ തിരുത്തിക്കാന്‍ തയ്യാറാവാത്തത്. എം.എം മണി അദ്ദേഹത്തിന്റെ പരാമര്‍ശം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല’ -കെ.കെ രമ പറഞ്ഞു.
‘ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികളല്ല’- എന്നായിരുന്നു എം.എം മണി നിയമസഭയില്‍ പറഞ്ഞത്. പൊലീസിനെതിരെ കെ.കെ രമ വിമര്‍ശനമുന്നയിച്ചപ്പോഴാണ് ഈ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.
എന്നാല്‍, താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്ന് എം.എം മണി വ്യക്തമാക്കി.