കൊച്ചി: പോക്സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം അനുവദിക്കണം എന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിനെ പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷിക്കണം എന്നാണ് നിര്‍ദേശം. ജസ്റ്റിസ് വി ജി അരുണിന്റെതാണ് നിര്‍ണായക ഉത്തരവ്.
ശിശുവിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തീരുമാനം വൈകുന്നതു പെണ്‍കുട്ടിയുടെ കഠിനവേദന വര്‍ധിപ്പിക്കും എന്നാണു കോടതി വിലയിരുത്തിയത്. പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മികച്ച ചികിത്സ നല്‍കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേസ് പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവെച്ചു.
2021 ല്‍ രാജ്യത്ത് ഭേദഗതി വരുത്തിയ മെഡിക്കല്‍ ടേര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമ പ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ആണ് സ്ത്രീകള്‍ക്ക് അനുവാദം നല്‍കുന്നത്. ആറുമാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയില്ലാത്ത സാഹചര്യം കൂടി ആയിട്ടും പെണ്‍കുട്ടിക്കു വേണ്ടി മനുഷ്യത്വപരമായ ഇടപെടലാണ് കോടതി നടത്തിയിരിക്കുന്നത്.