ന്യൂഡല്‍ഹി :വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ ഗവേഷണ ലേഖനം. 201617ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു.
5 വര്‍ഷം മുന്‍പ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസി പണം നല്‍കിയിരുന്നത് യുഎഇ ആയിരുന്നെങ്കില്‍ പുതിയ കണക്കില്‍ ഈ സ്ഥാനം ഇപ്പോള്‍ അമേരിക്ക സ്വന്തമാക്കി. (22.9%) .
2020- 21ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 36 ശതമാനവും യുഎസ്,യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
5 വര്‍ഷം മുന്‍പ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2% ആയാണു ചുരുങ്ങിയത്. 5 വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2% ആയി വളര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേര്‍ത്താല്‍ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016 ല്‍ ഇത് 42 ശതമാനമായിരുന്നു.
വര്‍ഷങ്ങളായി ഗള്‍ഫ് കുടിയേറ്റം കൂടുതലും ദക്ഷിണേന്ത്യയില്‍ നിന്നായിരുന്നെങ്കില്‍ 2020ല്‍ ഗള്‍ഫ് മേഖലയിലേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ച 50 ശതമാനത്തിലേറെ പേരും യുപി, ബിഹാര്‍, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കും ആര്‍ബിഐ ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്.