ചെന്നൈ: വിദ്യാര്‍ഥിനിയുടെ മരണത്തെത്തുടര്‍ന്നു തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലുണ്ടായ പ്രതിഷേധത്തില്‍ വ്യാപക അക്രമം. മുപ്പതിലേറെ സ്‌കൂള്‍ വാഹനങ്ങള്‍ കത്തിച്ച പ്രതിഷേധക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു. പൊലീസ് ആകാശത്തേക്കു മൂന്നു റൗണ്ട് വെടിവച്ചു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കള്ളക്കുറിച്ചി ചിന്നസേലം ഇന്റര്‍നാഷനല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെ ബുധനാഴ്ചയാണു ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം നിലയില്‍ നിന്നു ചാടുകയായിരുന്നു എന്നാണു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.
മരണത്തിനു മുന്‍പു പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരുക്കേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം തുടങ്ങി. വിദ്യാര്‍ഥിനി എഴുതിയതെന്നു പറയപ്പെടുന്ന ആത്മഹത്യക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ശനിയാഴ്ച വിട്ടയച്ചതോടെ പ്രക്ഷോഭം ശക്തമായി.
ഇന്നലെ സ്‌കൂളിലേക്കു പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തള്ളിനീക്കി വളപ്പിലേക്ക് ഇരച്ചുകയറി. ഒരു പൊലീസ് ബസും കത്തിച്ചു. കല്ലേറില്‍ മുപ്പതോളം പൊലീസുകാര്‍ക്കും പരുക്കുണ്ട്. ഇന്നു മുതല്‍ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്നു സിബിഎസ്ഇ നഴ്സറി സ്‌കൂള്‍ അസോസിയേഷന്‍ തമിഴ്നാട് മെട്രിക്കുലേഷന്‍ പ്രസിഡന്റ് അറിയിച്ചു.