തിരുവനന്തപുരം: വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ ഗവേഷണ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. 2016-17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്നത് കേരളത്തെ ആയിരുന്നു. എന്നാലിത് 2020-21 ലേ കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നിരിക്കികയാണ്
അഞ്ച് വര്‍ഷം മുന്‍പ് രാജ്യത്ത് എത്തിയിരുന്ന പ്രവാസി പണത്തിന്റെ പത്തൊന്‍പത് ശതമാനവും കേരളത്തിലേക്ക് ആയിരുന്നു. എന്നാല്‍ ഇത് 10.2% ആയാണു ചുരുങ്ങിയത്. 5 വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2% ആയി ഉയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേര്‍ത്താല്‍ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016 ല്‍ ഇത് 42 ശതമാനമായിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ച തുക മൊത്തം പ്രവാസി പണത്തിന്റെ 50 ശതമാനം ആയിരുന്നു. എന്നാല്‍ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അതുപോലെ തന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് 5 വര്‍ഷം മുന്‍പ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസി പണം വന്നിരുന്നത് യുഎഇയില്‍ നിന്ന് ആയിരുന്നെങ്കില്‍ നിലവില്‍ യുഎസ് (22.9%) നിന്നാണ്. 2016ല്‍ 26.9% പണവും യുഎഇയില്‍ നിന്നായിരുന്നത് 18 % ആയി കുറഞ്ഞു. 2020-21ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 36 ശതമാനവും യുഎസ്, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
15,000 രൂപയ്ക്കുള്ള മുകളില്‍ തുക അയയ്ക്കുന്നതു കുറഞ്ഞു. അതേസമയം തന്നെ അതിന് താഴെയുള്ള തുകകള്‍ അയയ്ക്കുന്നതു വര്‍ധിച്ചു. പ്രവാസികളുടെ സാമ്പത്തികപ്രയാസമോ കോവിഡ് സമയത്ത് നാട്ടിലേക്ക് തുടര്‍ച്ചയായി ചെറിയ തുകകള്‍ അയച്ചതോ ആകാം ഇതിന് കാരണമെന്ന് ആര്‍ബിഐ പറയുന്നു.
2015ല്‍ 7.6 ലക്ഷം പേരാണു ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകാന്‍ ഇന്ത്യയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയത്. 2019ല്‍ ഇത് 3.5 ലക്ഷമായി. കോവിഡ് പ്രതിസന്ധി നിലനിന്ന 2020ല്‍ 90,000 ആയി. ഏറ്റവുമധികം പേര്‍ പോയിരുന്നതു സൗദിയിലേക്കായിരുന്നു. 2019ല്‍ സൗദിയിലേക്കു പോയത് 3.1 ലക്ഷം പേരായിരുന്നെങ്കില്‍ 2019ല്‍ ഇത് 1.6 ലക്ഷമായി കുറഞ്ഞു. യുഎഇ 2.3 ലക്ഷം പേരില്‍നിന്ന് 80,000 ആയി കുറഞ്ഞു.
തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചവരുന്നവരുടെ എണ്ണത്തിലെ വര്‍ധന കോവിഡ് മൂലമുണ്ടായ പ്രതിസന്ധി, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയും മാറ്റത്തിനു കാരണമായി എന്നാണ് വിലയിരുത്തല്‍. നോര്‍ക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. ഇതില്‍ 59 ശതമാനവും യുഎഇയില്‍ നിന്നായിരുന്നു.