ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 99.18 ശതമാനമാണ് പോളിംഗ്. ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മണിയോടെയാണ് ആരംഭിച്ചത്. 21 ന് പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചാണ് വോട്ടെണ്ണല്‍.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുമാണ് മത്സരരംഗത്തുള്ളത്. കക്ഷിഭേദമെന്യേ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ച ദ്രൗപതി മുര്‍മു ജയമുറപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഉള്‍പ്പടെയുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. പാര്‍ലമെന്റിലെ 63 ാം നമ്പര്‍ മുറിയിലും അതത് നിയമസഭകളില്‍ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണ് വോട്ടെടുപ്പ് നടത്തിയത്.
എംപിമാരും എംഎല്‍എമാരുമായി 4809 വോട്ടര്‍മാരാണുള്ളത്. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്. എംപിമാര്‍ക്ക് പച്ച നിറമുള്ള ബാലറ്റും.എംഎല്‍എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റുമാണ്. 700 ആണ് എംപിമാരുടെ വോട്ട് മൂല്യം.സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുസരിച്ചാണ് എംഎല്‍എമാരുടെ വോട്ടുമൂല്യം. കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം 152 ആണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വയലറ്റ് മഷിയുള്ള പ്രത്യേക പേന ഉപയോഗിച്ചാണ് എല്ലാവരും വോട്ട് രേഖപ്പെടുത്തിയത്. രാജ്യസഭാ സെക്രട്ടറി പിസി മോദിയാണ് വരണാധികാരി.