പാരിസ്: ഫ്രാന്‍സിനെ ഞെട്ടിച്ചു കൊണ്ട് നടന്ന ദേവാലയ കവര്‍ച്ചയില്‍ പുതിയ വഴിത്തിരിവ്. അജിത്ത് പ്രശസ്ത ദേവാലയങ്ങളില്‍ ഒന്നായ ഫീ ക്യാമ്പ് ആബ്ബേയില്‍ നിന്നും ഏറ്റവും വിലപ്പെട്ട ഒരു വസ്തു മോഷണം പോയി. സാക്ഷാല്‍, യേശുക്രിസ്തുവിന്റെ തിരുരക്തമടങ്ങിയ ഒരു ചെമ്പ് പെട്ടിയായിരുന്നു അത്.
ജൂണ്‍ രണ്ടാം തീയതിയായിരുന്നു മോഷണം നടന്നത്. യേശുവിനെ കുരിശിലേറ്റുമ്പോള്‍ രണ്ട് ചെറിയ കുപ്പികളിലായി ശേഖരിക്കപ്പെട്ട രക്തം വിലമതിക്കാനാവാത്ത അമൂല്യ സ്വത്തായിരുന്നു. പോലീസ് ഉദ്യോഗസ്ഥരും പ്രൈവറ്റ് ഡിറ്റക്ടീവുമാരും പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും മോഷ്ടാക്കളെ കുറിച്ച് യാതൊരു തുമ്പും കിട്ടിയില്ല.
അങ്ങനെയിരിക്കെയാണ് നഗരത്തിലെ പ്രശസ്ത ഡിറ്റക്ടീവായ ആര്‍തര്‍ ബ്രാന്‍ഡിന് ഒരു ഇമെയില്‍ സന്ദേശം ലഭിക്കുന്നത്. മോഷ്ടിക്കപ്പെട്ട അമൂല്യ വസ്തു തങ്ങളുടെ കൈകളിലുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ആ ചെമ്പുപെട്ടി കൈമാറാന്‍ തയ്യാറാണെന്നും കള്ളന്മാര്‍ അദ്ദേഹത്തെ അറിയിച്ചു.
വിശുദ്ധ വസ്തുക്കള്‍ കൈവശം സൂക്ഷിക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് മോഷ്ടാക്കളോട് ആരോ പറഞ്ഞു. അങ്ങനെ ഭയന്നു പോയതിനാലാണ് അവര്‍ മോഷണ മുതല്‍ തിരിച്ചു കൊടുക്കാന്‍ തയ്യാറായത്. തുടര്‍ന്ന്, തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഡിറ്റക്ടീവിന്റെ പടിവാതില്‍ക്കല്‍ അവര്‍ മോഷണ മുതല്‍ തിരിച്ചു കൊണ്ടുവച്ചു.