കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്.
കൊല്ലം ശൂരനാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ദേഹപരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി. ഇതേ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാര്‍ഥിനിയും പരാതി നല്‍കി. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്.
പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന. പരിശോധന നടത്തിയവരുടെ നിര്‍ബന്ധം മൂലം അടിവസ്ത്രം ഉപേക്ഷിച്ചാണ് പെണ്‍കുട്ടി ഹാളില്‍ പ്രവേശിച്ചത്. ‘സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്’ എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നില്‍ അപമാനിതയായ കുട്ടിക്കു മാനസിക സമ്മര്‍ദം മൂലം പരീക്ഷ നന്നായി എഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു.
ഇത്തരം നടപടി വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്തിയെന്നും വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ രണ്ടു മുറി ഒരുക്കിയിരുന്നതായും ശൂരനാട് സ്വദേശിയായ രക്ഷിതാവ് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നു. അതേസമയം, കൃത്യമായ മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് മറുവാദം. ലോഹവസ്തുക്കള്‍ ഉള്ളതൊന്നും ശരീരത്തില്‍ പാടില്ലെന്നാണ് ചട്ടമെന്ന് പരീക്ഷ ചുമതലയുള്ളവര്‍ പറയുന്നു.