ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയാകാന്‍ ഇന്ത്യന്‍ വംശജയന് ഋഷി സുനക്. ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന നാലാം ഘട്ട വോട്ടെടുപ്പിലും സുനക് മുന്നിലെത്തി.118 വോട്ടുകളാണ് സുനകിന് ലഭിച്ചത്.
ടോറി നേതൃത്വത്തിലേക്കുള്ള നാലാം റൗണ്ട് വോട്ടെടുപ്പില്‍, ഋഷി സുനക് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം റൗണ്ടില്‍ 115 ആയിരുന്നു വോട്ട് വിഹിതമെങ്കില്‍ നാലാം റൗണ്ടില്‍ മികച്ച ലീഡോടെ അത് 118 ആയി വര്‍ദ്ധിച്ചു. വ്യാപാര മന്ത്രി പെന്നി മൊര്ഡോന്റിന് 92 വോട്ടും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടും ലഭിച്ചു.
ഇന്ന് അവസാന റൗണ്ട് തിരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍, ടോറി പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയ്ക്കായി രാജ്യത്തുടനീളം പ്രചാരണം നടത്തും. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പുതിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി അധികാരമേല്‍ക്കും.
അഴിമതിയില്‍ പെട്ട് ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ രാജിയാണ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാക്കിയത്. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ആരംഭിച്ചു.
എന്നാല്‍ സുനകിന് പിന്തുണ നല്‍കരുതെന്നാണ് ബോറിസ് ജോണ്സണ് തന്റെ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. ഇതിനായി വംശീയ വിദ്വേഷ പ്രചാരണവും ബോറിസ് ജോണ്സണ് നടത്തിയിരുന്നു.