കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അമ്മ ശോഭന. മനപ്പൂര്‍വ്വം ചിലര്‍ മകനെ മാനസിക രോഗിയാക്കുകയാണ്. സുനിയെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. തന്നെ മാനസിക രോഗിയാക്കി തീര്‍ക്കും എന്ന കാര്യം മകന്‍ പറഞ്ഞിരുന്നുവെന്നും അമ്മ ശോഭന പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ടാണ് എറണാകുളം സബ്ജയിലില്‍ നിന്ന് സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ചികിത്സയ്ക്കായാണ് പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
”മനപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന്‍ അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര്‍ അല്ലേ ആവേണ്ടത്. ഒന്നാം പ്രതിയാക്കി. ഞങ്ങള്‍ക്ക് ആരുമില്ല, അന്വേഷിക്കാനും എടുക്കാനും ആരുമില്ല. മാനസിക രോഗിയാക്കി ആശുപത്രിയില്‍ കിടക്കുന്നു എന്ന് വന്നു, ഒരാളും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിട്ടില്ല. മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്‍ക്കാര്‍ പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കും. രഹസ്യമൊഴി കൊടുക്കാന്‍ പോയപ്പോള്‍ പറഞ്ഞു, എന്റെ മോനെ ഇങ്ങനെ തകര്‍ത്ത് കളഞ്ഞ് തരരുത് കേട്ടോ. ഞങ്ങള്‍ക്ക് ജീവിക്കാനും ഒരിതും ഉണ്ടാവില്ലെന്നും പറഞ്ഞതാ…” ശോഭന പറഞ്ഞു.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ മാനസികാരോ?ഗ്യ നില മോശമായതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പള്‍സര്‍ സുനി നടിയെ ആക്രമിച്ച സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണെന്നും അതിനാല്‍, ജാമ്യം അനുവദിക്കാനാവില്ലെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ജയിലില്‍ കഴിയുന്ന ഏക പ്രതിയാണ് താനെന്നും കേസിന്റെ വിചാരണ ഇനിയും നീണ്ടുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്.
കേസിലെ വിചാരണ പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പള്‍സര്‍ സുനിയും ജാമ്യത്തിന് ശ്രമിച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, ഈ വര്‍ഷം അവസാനത്തോടെ കേസിന്റെ വിചാരണ അവസാനിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനും ജാമ്യം ലഭിച്ചിരുന്നു.