Monday, August 8, 2022

HomeMain Storyദൗപദി മുര്‍മു: ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാടിയ സന്താള്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ...

ദൗപദി മുര്‍മു: ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാടിയ സന്താള്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി

spot_img
spot_img

ന്യൂഡല്‍ഹി : ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാര്‍ഖണ്ഡ് വനങ്ങളില്‍ ആയുധമെടുത്തു പോരാടിയ സന്താള്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ളയാള്‍ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയാകുമ്പോള്‍ പുതിയ ചരിത്രം രചിക്കപ്പെടുന്നു. ഗോത്ര വിഭാഗത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതി.

ബ്രിട്ടിഷ് നികുതി സമ്പ്രദായത്തിനും ജന്മിമാരുടെ ചൂഷണത്തിനുമെതിരെയുള്ള പ്രതിഷേധമാണ് 1855 ല്‍ ‘സന്താള്‍ വിപ്ലവ’ത്തിനു തുടക്കമിട്ടത്. സമാന്തര ഭരണം സ്ഥാപിച്ചുള്ള സായുധ സമരം ബ്രിട്ടിഷ് പട്ടാളം 1856 ല്‍ അടിച്ചമര്‍ത്തി. കൊടുംവനത്തില്‍ അമ്പും വില്ലുമായി പോരാടിയ പതിനയ്യായിരത്തിലേറെ സന്താള്‍ പോരാളികള്‍ ബ്രിട്ടിഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചു.

ഒഡീഷയില്‍ സന്താള്‍ ഗോത്രവര്‍ഗക്കാര്‍ക്കു ഭൂരിപക്ഷമുള്ള മയൂര്‍ഭഞ്ച് ജില്ലയില്‍നിന്നുള്ളയാളാണ് ദ്രൗപദി. സന്താളിയാണ് ഗോത്രത്തിന്റെ ഭാഷ. ‘ഒലാഹ്’ എന്ന പേരില്‍ ചിത്രപ്പണികളോടെ നിര്‍മിക്കുന്ന വീടുകള്‍ ഇവരുടെ പ്രത്യേകതയാണ്.

ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണു സന്താള്‍ ജനത ഏറെയുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 70 ലക്ഷത്തോളം പേരുണ്ടെന്നാണു കണക്ക്. നേപ്പാള്‍, ബംഗ്ലദേശ് എന്നീ അയല്‍രാജ്യങ്ങളിലും ഈ വിഭാഗക്കാരുണ്ട്.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കേന്ദ്രമന്ത്രി വിശ്വേശ്വര്‍ ടുഡു, കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ ലഫ്. ഗവര്‍ണറും നിലവില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായ ഗിരീഷ് ചന്ദ്ര മുര്‍മു, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡി, നിലവിലെ ഏറ്റവും പ്രായംകുറഞ്ഞ ലോക്‌സഭാംഗം ഒഡീഷയില്‍ നിന്നുള്ള ചന്ദ്രാണി മുര്‍മു എന്നിവരാണു സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മറ്റു പ്രമുഖര്‍.

64 വയസ്സും 46 ദിവസവുമാണ് പ്രായം. നിലവിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നതിന്റെ പിറ്റേ ദിവസമായ 25ന് ദ്രൗപദി മുര്‍മു സത്യപ്രതിജഞ ചൊല്ലി അധികാരമേല്‍ക്കും.

എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെതുമായി 49 ശതമാനം വോട്ട് ഉറപ്പിച്ച മുര്‍മുവിന് മുന്നണിക്ക് പുറത്തുള്ള ബിജു ജനതാദളും വൈ.എസ്.ആര്‍ കോണ്‍ഗ്രസും അകാലിദളും ശിവസേനയുടെ ഇരുവിഭാഗങ്ങളും യു.പി.എയോടൊപ്പമുള്ള ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും പിന്തുണ പ്രഖ്യാപിച്ചതോടെ ജയം അനായാസമായി. ഇത് കൂടാതെ സിന്‍ഹക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് നിരവധി പേര്‍ മുര്‍മുവിന് വോട്ടുചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് ഫലം.

ഈ മാസം 18ന് നടന്ന തെരഞ്ഞെടുപ്പിന്റെ ബാലറ്റുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രത്യേകം ഒരുക്കിയ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് എണ്ണിത്തുടങ്ങിയത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എം.പിമാരുടെ വോട്ടുകളാണ് ആദ്യമെണ്ണിയത്. എം.പിമാരുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ സാധുവായ 748ല്‍ 540 വോട്ടുകളും മുര്‍മുവിന് ലഭിച്ചു. 208 വോട്ടുകളേ യശ്വന്ത് സിന്‍ഹക്ക് ലഭിച്ചുള്ളൂ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments