കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളില്‍ നിന്ന് ആയിരത്തോളം അമൂല്യമായ പുരാവസ്തുക്കള്‍ കാണാതെയായി. ക്വീന്‍സ് ഹൗസിലും ടെംപിള്‍ ട്രീസിലും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പ്രക്ഷോഭകര്‍ കയ്യടക്കിയ സ്ഥലങ്ങളില്‍ നിന്നാണ് അമൂല്യ വസ്തുക്കള്‍ കാണാതായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ദ്വീപ് രാഷ്ട്രത്തില്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ പ്രതിഷേധക്കാര്‍ കയ്യേറിയത് ജൂലൈ 9 നാണ് . അതേസമയം ബംഗ്ലാവുകളിലുണ്ടായിരുന്ന അമൂല്യവും പുരാതനവുമായ വസ്തുക്കളുടെ കണക്ക് പുരാവസ്തു വകുപ്പിന്റെ കൈവശം പോലുമില്ല. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.
ദ്വീപ് രാഷ്ട്രത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് മൂലമാണ് മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്ക്കെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വസതിയുള്‍പ്പെടെ ഇവര്‍ കയ്യടക്കിയിരുന്നു. പിന്നാലെ ഗോതബയ കുടുംബത്തിനൊപ്പം നാട് വിടുകയും സ്ഥാനം രാജിവെയ്ക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായി പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതേസമയം സമാധാനപരമായ പ്രതിഷേധം തടയില്ലെങ്കിലും സര്‍ക്കാര്‍ മന്ദിരങ്ങളും പാര്‍ലമെന്റും തടസ്സപ്പെടുത്തുന്ന സമരരീതി അംഗീകരിക്കില്ലെന്നു പുതിയ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ വ്യക്തമാക്കിയിട്ടുണ്ട്.