Tuesday, August 9, 2022

HomeMain Storyബിഷപ്പ് ആന്റണി കരിയിലിനെതിരെ വത്തിക്കാന്‍ നടപടി; വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന്‌

ബിഷപ്പ് ആന്റണി കരിയിലിനെതിരെ വത്തിക്കാന്‍ നടപടി; വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന്‌

spot_img
spot_img

കൊച്ചി: എറണാകുളം അങ്കമാലി ബിഷപ്പിനോട് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തയ്ക്കെതിരെ കെ.സി.വൈ.എം രംഗത്ത്. ബിഷപ്പിനെതിരെ നടപടിയെടുത്തെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത പത്രക്കുറിപ്പില്‍ പറഞ്ഞു.

ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആലഞ്ചേരി വിരുദ്ധവിഭാഗം വൈദികരെ പിന്തുണച്ചതിന് ബിഷപ്പ്സ്ഥാനം ഒഴിയാന്‍ ആന്റണി കരിയിലിന് വത്തിക്കാന്‍ നോട്ടീസ് നല്‍കിയെന്നാണ് വാര്‍ത്ത. കഴിഞ്ഞ ദിവസം വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നേരിട്ട് നോട്ടീസ് നല്‍കുകയായിരുന്നുവത്രേ.

കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിവിധവിഷയങ്ങളില്‍ ബിഷപ്പ് ആന്റണി കരിയില്‍ സഭയ്ക്ക് വിരുദ്ധമായ നിലപാടുകള്‍ എടുത്തിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന് പരസ്യ നിലപാടും ബിഷപ്പ് ആന്റണി കരിയില്‍ സ്വീകരിച്ചിരുന്നു. നോട്ടീസില്‍ എറണാകുളം അങ്കമാലി രൂപതയ്ക്ക് കീഴിലെ സ്ഥലങ്ങളില്‍ താമസിക്കാന്‍ പാടില്ലെന്ന നിര്‍ദശവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അധികാരത്തിന്റെ അഹങ്കാരത്തില്‍ സഭാനേതൃത്വം കാണിക്കുന്ന മൂഢസ്വപ്നങ്ങളുടെ ബാക്കി പത്രമാണ്. വ്യാജ വാര്‍ത്തകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഭവിഷത്തുകളെ പറ്റി ഉത്തരവാദിത്വബോധത്തോടെ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. പൊന്തിഫിക്കല്‍ സീക്രസി കാത്തു സൂക്ഷിക്കേണ്ട ഇത്തരം വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്ത് ആനുകൂല്യം കൈപ്പറ്റുന്ന സഭാനേത്യത്വത്തിലെ യൂദാസുമാരെ തിരിച്ചറിയണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു.

എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയിലെ 98 ശതമാനം വരുന്ന വിശ്വാസികളുടെയും ആഗ്രഹപ്രകാരം ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തണമെന്ന് നിലപാടെടുത്ത മാര്‍ ആന്റണി കരിയില്‍ പിതാവിനെതിരെ പ്രതികാര നടപടിയെന്നോണം, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഉള്ളവര്‍, എല്ലാത്തരത്തിലുമുള്ള സ്വാധീനവും സമ്മര്‍ദ്ദവും ഉപയോഗിച്ച്, പിതാവിനെ രാജി വെപ്പിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളത് ആദ്യം മുതലേ തന്നെ വ്യക്തമായ കാര്യമാണ്.

പലതരത്തിലുള്ള ചരടുവലികള്‍ നടത്തിയതിന് ഫലമായി, ഇത്തരത്തിലൊരു നടപടി ഉണ്ടാക്കുകയാണെങ്കില്‍ എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയിലെ നീതിബോധവും സത്യസന്ധതയും ഉറച്ച നിലപാടുകളും ഉള്ള യുവജനങ്ങള്‍, അതിരൂപതയിലെ വിശ്വാസികളുടെ ആഗ്രഹപ്രകാരം നിലകൊണ്ട കരിയില്‍ പിതാവിനെതിരെ എടുക്കുന്ന എന്തു നടപടിയെയും അതിശക്തമായി പ്രതിരോധിക്കും.

യുവാവായ ക്രിസ്തു ചാട്ടവാര്‍ എടുത്തു ദേവാലയം ശുചീകരിച്ചത് പോലെ, യാതൊരു ആത്മീയമായ അടിത്തറയില്ലാത്ത കാര്യങ്ങളില്‍ വിശ്വാസികളുടെയുടെ താല്പര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച് അധികാര കസേര നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ, ചാട്ടവാര്‍ എടുക്കാന്‍ യുവജനങ്ങള്‍ക്ക് ഒരു മടിയുമില്ലെന്നും സീറോ മലബാര്‍ സഭ വിശുദ്ധീകരിക്കാന്‍ ഒരു വിമോചന സമരം അത്യാവശ്യമാമെന്നും കെ.സി.വൈ.എം പറയുന്നു. സഭാ നേതൃത്വത്തിലെ പ്രധാനപ്പെട്ടവരെ കല്‍ത്തുറുങ്ക് കാത്തിരിക്കുന്നുണ്ടെന്ന് കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഏതായാലും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി ചൊവ്വാഴ്ച എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തുന്നുണ്ട്.ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്ന നിലപാടുമായി ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭൂമി വില്‍പ്പനയും, കുര്‍ബാന ഏകീകരണവും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ബിഷപ്പ് ആന്റണി കരിയില്‍ സ്വീകരിച്ച നടപടികള്‍ വത്തിക്കാന്‍ എതിര്‍പ്പിന് കാരണമായിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments