ന്യൂഡല്‍ഹി: സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിജയ് ചൗക്കില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി എംപി നയിച്ച മാര്‍ച്ച് പോലീസ് തടഞ്ഞത്. ഇതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുത്തു. കെ.സി വേണുഗോപാല്‍, രണ്‍ജീത് രഞ്ജന്‍, മാണിക്കം ടാഗോര്‍, ഇമ്രാന് പ്രതാപ്ഗാര്‍ഹി, കൊടിക്കുന്നില്‍ സുരേഷ് അടക്കമുളള എം.പിമാരെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്.
എംപിമാരെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെയാണ് രാഹുല്‍ ഗാന്ധി എം.പി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതോടെ രാഹുല്‍ ഗാന്ധിക്ക് പോലീസ് വലയം തീര്‍ത്തു. അരമണിക്കൂറോളമാണ് രാഹുല്‍ ഗാന്ധി റോഡിലിരുന്ന് പ്രതിഷേധിച്ചത്. ഇതോടെ പോലീസ് രാഹുല്‍ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു. റോഡിലിരുന്ന രാഹുലിനെ പോലീസുകാര്‍ ബലമായി എഴുന്നേല്‍പ്പിച്ച് പോലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു.
കേരളത്തില്‍ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവരെ പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ച് മാറ്റി. കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ടി എന്‍ പ്രതാപന് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
സോണിയയെ കേന്ദ്ര ഏജന്‍സി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് എഐസിസി ആസ്ഥാനത്തും പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ നശിപ്പിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ഗൂഢാലോചന നടത്തുകയാണ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാം തവണയാണ് സോണിയാഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച മൂന്നുമണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തിരുന്നു. സോണിയക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. കേരളത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.