Tuesday, April 29, 2025

HomeMain Storyപരിക്ക് മൂലം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ഇല്ല

പരിക്ക് മൂലം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ഇല്ല

spot_img
spot_img

ന്യൂഡല്‍ഹി: ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വെളളി മെഡല്‍ നേടിയ ജാവലിന്‍ താരം നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കില്ല. ഒറിഗോണില്‍ നടന്ന ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേറ്റ പരിക്കാണ് വില്ലനായത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്തയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കോമണ്‍വെല്‍ത്തിലെ രാജ്യത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. ചെറിയ വേദന മാത്രമേയുളളൂവെന്നും വരുന്ന ദിവസങ്ങളില്‍ ഭേദമാകുമെന്നും നീരജ് ഒറിഗോണിലെ മെഡല്‍ നേട്ടത്തിന് ശേഷം പ്രതികരിച്ചിരുന്നു. ഈ വാക്കുകളുടെ വിശ്വാസത്തിലായിരുന്നു കായികപ്രേമികള്‍. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്നും ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും നീരജ് അറിയിച്ചതായി രാജീവ് മേത്ത പറഞ്ഞു.

ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ 88.13 ദൂരം എറിഞ്ഞാണ് നീരജ് വെള്ളി മെഡല്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ 82.39 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫോമിലായതുകൊണ്ടു തന്നെ കോമണ്‍വെല്‍ത്തില്‍ നീരജിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പരിശീലകരും കായികപ്രേമികളും.

ടോക്കിയോ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെയാണ് നീരജ് ചോപ്ര കായികപ്രേമികളുടെ മനസില്‍ കുടിയേറിയത്. ഈ മാസം 28 ന് ബര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുക. 200 ലധികം കായിക താരങ്ങള്‍ ഉള്‍പ്പെടെ 300 ലധികം വരുന്ന ഇന്ത്യന്‍ സംഘമാണ് ഗെയിംസില്‍ പങ്കെടുക്കുക.

2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 26 സ്വര്‍ണം ഉള്‍പ്പെടെ 66 മെഡലുകളുമായി ഇന്ത്യ മൂന്നാമത് എത്തിയിരുന്നു. ഓസ്ട്രേലിയയും ഇംഗ്ലണ്ടും മാത്രമായിരുന്നു മുന്‍പിലുളള രാജ്യങ്ങള്‍. ഇക്കുറി കൂടുതല്‍ മെഡലുകള്‍ നേടാനാവുമെന്ന പ്രതീക്ഷയ്ക്കിടെയാണ് നീരജിന്റെ പിന്‍മാറ്റം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments