കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്നെ സമ്മര്‍ദത്തിലാക്കാന്‍ സര്‍ക്കാര്‍ പൊലീസിനെ ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പ്രതിയുടെ രഹസ്യമൊഴി കുറ്റസമ്മതമൊഴിയായി മാത്രമേ കരുതാനാകൂവെന്നും ഗൂഢാലോചനക്കേസിലെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ നല്‍കുമെന്നും സര്‍ക്കാര്‍.
തിരുവനന്തപുരം കന്റോണ്‍മെന്റ്, പാലക്കാട് കസബ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈകോടതിയില്‍ ഇരുപക്ഷത്തിന്റെയും വാദമുയര്‍ന്നത്. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ മാറ്റി.
സമാന്തര അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും ഒരു തെളിവുമില്ലാതെയാണ് ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. സ്വപ്നക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം ആരും ഉന്നയിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് അവര്‍ പ്രതികരിച്ചത്. ആരോപണം തെറ്റാണെങ്കില്‍ കോടതിയെ സമീപിക്കുന്നതിന് പകരം കേസെടുത്തിരിക്കുകയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതുവരെ നടത്തിയ അന്വേഷണത്തില്‍നിന്ന് ഗൂഢാലോചനക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഗൂഢാലോചനയിലെ പങ്കാളിയുടെ മൊഴിതന്നെ സ്വപ്നക്കെതിരെ തെളിവായുണ്ട്. സമാന്തര അന്വേഷണമല്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്നയെ ചോദ്യം ചെയ്തപ്പോഴൊന്നും കണ്ടെത്താനാകാത്ത കാര്യങ്ങള്‍ ഇപ്പോള്‍ തെളിവില്ലാതെ ആരോപിക്കുന്നത് സ്ഥാപിത താല്‍പര്യത്തോടെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.