Tuesday, August 9, 2022

HomeMain Storyപിതൃക്കള്‍ക്ക് മോക്ഷം, അനുഷ്ഠിക്കുന്നവര്‍ക്ക് സമൃദ്ധിയും ഐശ്വര്യവും

പിതൃക്കള്‍ക്ക് മോക്ഷം, അനുഷ്ഠിക്കുന്നവര്‍ക്ക് സമൃദ്ധിയും ഐശ്വര്യവും

spot_img
spot_img

കര്‍ക്കിടക ബലി യഥോചിതം ആചരിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ദാനശീലനെന്നു പേരുകേട്ട സൂര്യപുത്രന്‍ കര്‍ണ്ണന് മരണാനന്തരം സ്വര്‍ഗ്ഗം ലഭിച്ചെങ്കിലും പിതൃതര്‍പ്പണം യഥാവിധി നടത്താതിരുന്നതു കൊണ്ട് ഉണ്ടായ ദുരിതവും ദക്ഷിണായനകാലത്തെ പിതൃതര്‍പ്പണത്തിന്റെ പ്രാധാന്യവും അറിയാം.

മലയാള കലണ്ടര്‍ പ്രകാരം അവസാന മാസമാണ് കര്‍ക്കിടകം. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് അതീവ പ്രാധാന്യമുളള ചടങ്ങാണ് കര്‍ക്കിടകത്തിലെ കറുത്തവാവിന് ആചരിക്കുന്ന വാവുബലി. ദേവന്മാരുടെ ദിനമെന്നും ഈ ദിനത്തെ വിളിക്കപ്പെടുന്നു. തീര്‍ത്ഥക്കരകളിലും, ക്ഷേത്രങ്ങളിലും മാത്രമല്ല വീടുകളിലും ബലിചടങ്ങുകള്‍ നടത്താം. കര്‍ക്കിടക വാവുബലി കേരളത്തില്‍ പൗര്‍ണ്ണമി വെളുത്തവാവെന്നും, അമാവാസി കറുത്തവാവെന്നും വിളിക്കപ്പെടുന്നു. ഇതിനാലാണ് കര്‍ക്കിടകത്തിലെ അമാവാസി നാളില്‍ നടക്കുന്ന ബലിചടങ്ങുകളെ കര്‍ക്കിടക വാവുബലി എന്ന് അറിയപ്പെടുന്നതും.

ദക്ഷിണായനകാലം ഹിന്ദുക്കളെ സംബന്ധിച്ച് പിതൃകാര്യങ്ങള്‍ക്ക് അനുയോജ്യമായതിനാല്‍ കര്‍ക്കിടകത്തിലെ കറുത്തവാവ് പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്. തമിഴ്നാട്ടില്‍ ഇതേദിവസം ‘ആടിഅമാവാസി’ എന്നാണ് അറിയപ്പെടുന്നത്. പിതൃപുണ്യം ലഭിക്കാന്‍ ദക്ഷിണായനകാലത്തെ ചടങ്ങുകള്‍ കൂടുതല്‍ അനുയോജ്യമാണ് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഏതെങ്കിലുമൊക്കെ കാരണത്താല്‍ മരിച്ച ആളുടെ ആണ്ടുബലി മുടങ്ങിയിട്ടുണ്ടെങ്കില്‍ പരിഹാരംകൂടിയാണ് കര്‍ക്കിടകബലി. ദര്‍ഭ, എളള്, അരി, ചെറുള, കറുക, വെളുത്തപൂവ്, തുളസി, ചന്ദനം, ജലം, വാഴയില എന്നിവയാണ് പ്രധാന ബലികര്‍മ്മ വസ്തുക്കള്‍.

ബലികാക്ക

ബലികാക്ക ബലി എടുത്താല്‍ പിതൃക്കള്‍ സന്തുഷ്ടരായി എന്നാണ് വിശ്വാസം. പിതൃക്കളാണ് ബലികാക്കയുടെ രൂപത്തില്‍ ബലി സ്വീകരിക്കാന്‍ എത്തുന്നത് എന്നും വിശ്വസിക്കപ്പെടുന്നു. സാധാരണയായി കാണപ്പെടുന്ന രണ്ടുതരം കാക്കകളില്‍ വലിയകാക്കയാണ് ബലികാക്ക. വീടുകളില്‍ ബലിയിടുന്നവര്‍ ചെറിയകാക്ക ബലി എടുത്താതെ നോക്കുന്നതും പതിവാണ്. ഇതുമായി ബന്ധപ്പെടുത്തി രസകരമായ ഒരു നാട്ടു വര്‍ത്തമാനം പോലുമുണ്ട്. ”പറന്നു പോകുന്ന കാക്കയെയും ആണ്ടിലൊരിക്കല്‍ വേണം…” ഈ ഭുമിയില്‍ ഓരോജീവിക്കും പ്രാധാന്യമുണ്ടെന്നും ജീവികള്‍ക്ക് പരസ്പരം സഹായമില്ലാതെ ജീവിക്കാനാവില്ലെന്നുമുളള പ്രകൃതി പാഠമാണ് ഇതിലൂടെ പറഞ്ഞു വെക്കുന്നത്.

സന്തതിപരമ്പരയുടെ ബലിതര്‍പ്പണണം

മനുഷ്യജീവന് ഭൂമിയിലേക്ക് കടന്നുവരാന്‍ കാരണഭൂതരായ മാതാപിതാക്കന്മാരെയും പൂര്‍വ്വികരെയും അനുസ്മരിക്കാനും പൂജിക്കാനും ബന്ധം ഉറപ്പിക്കാനും ഉളള ചടങ്ങാണ് പിതൃതര്‍പ്പണം. ഒരാള്‍ അയാളുടെ മൂന്നു മുന്‍തലമുറയില്‍പ്പെട്ടവരെ വരെ ഓര്‍ക്കും എന്നതും ഇതിന്റെ പ്രത്യകതയാണ്. വാവുബലി കൃത്യമായി ആചരിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷവും ആചരിക്കുന്നവര്‍ക്ക് ധനവും, സമൃദ്ധിയും, പുത്രനന്മയും ഉണ്ടാകും എന്നാണ് വിശ്വാസം. പിതൃക്കളുടെ അനിഷ്ടം കൊണ്ട് ദുരിതങ്ങളും രോഗങ്ങളും ഉണ്ടാകുമെന്നും ഒരു വിശ്വസമുണ്ട്. അതിനാല്‍തന്നെ അവരെ പ്രീതിപ്പെടുത്തേണ്ടത് അനിഷ്ടങ്ങള്‍ മാറാന്‍ ആവശ്യമാണ്. കര്‍ക്കിടകത്തിലെ വാവിന് സന്തതിപരമ്പരയുടെ ബലിതര്‍പ്പണവും പൂജയും പ്രതീക്ഷിച്ച് പൂര്‍വ്വികര്‍ എത്തുമെന്നാണ് വിശ്വാസം.

വ്രതശുദ്ധിയോടെ അമാവാസിവ്രതം

കര്‍ക്കിടകത്തിലെ അമാവാസിവ്രതം പ്രാധാന്യത്തോടെയാണ് ആചരിച്ചുവരുന്നത്. കറുത്തവാവിന്റെ ദിനത്തിലും തലേന്നും ഒരിക്കലെടുത്ത് വ്രതശുദ്ധിയോടെ ആചരിക്കേണ്ടാണ് അമാവാസി വ്രതം. മത്സ്യവും മാംസവും ഉപേക്ഷിച്ചാണ് വ്രതം എടുക്കേണ്ടത്. അമാവാസിവ്രതം എടുക്കുന്ന വീടിന്റെ ശുദ്ധിയും പ്രാധാന്യമുളളതാണ്. പിത്യക്കളുടെ കോപം കൊണ്ട് ഉണ്ടാകുന്ന എല്ലാദോഷങ്ങളും പരിഹരിക്കാന്‍ ഈ വ്രതമെടുത്ത് പിതൃതര്‍പ്പണം യഥാവിധി നടത്തണം. കര്‍ക്കിടക വാവിന്റെ ദിവസം പിതൃക്കള്‍ പിന്‍തലമുറയില്‍പ്പെട്ടവരെ കാണാനായി വീടുകളില്‍ എത്തുന്നു എന്നാണ് വിശ്വാസം.

കറുത്തവാവിന് വീട്ടിലെത്തുന്ന പിതൃക്കളെ സന്തോഷിപ്പിക്കാനായി ഇഷ്ടഭക്ഷണം തയ്യാറാക്കി വിളക്കുകത്തിച്ച് ആദ്യം ആത്മാക്കള്‍ക്ക് വിളമ്പുന്ന ചടങ്ങുണ്ട്. ചിലയിടങ്ങളില്‍ ദാഹം തീര്‍ക്കല്‍ എന്നൊരുചടങ്ങും ആചരിക്കുന്നു. ബലിതര്‍പ്പണത്തിന്റെ ചടങ്ങുകള്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് മദ്യം കുടിക്കാന്‍ വെക്കുന്ന ചടങ്ങാണിത്. വാവിനോടനുബന്ധിച്ചാണ് വാവട തയ്യാറാക്കുക, അരിയും, തേങ്ങയും, ശര്‍ക്കരയും ചേര്‍ത്ത് വാഴയിലയില്‍ ഉണ്ടാക്കുന്ന വാവടയുടെ മണം പിതൃക്കളെ സംതൃപ്തിപ്പെടുത്തും എന്നാണ് വിശ്വാസം. പിന്മുറക്കാര്‍ സമൃദ്ധിയിലാണ് ജീവിക്കുന്നതെന്ന സന്തോഷം പിതൃക്കള്‍ക്ക് ഉണ്ടാവാന്‍ വേണ്ടിയാണത്രെ വാവിവ് അട ഉണ്ടാക്കുന്നത്.

അമാവാസി പിതൃതര്‍പ്പണത്തിന് ഉത്തമമാണെങ്കിലും നല്ലകാര്യങ്ങള്‍ക്ക് ശുഭകരമല്ല എന്നതാണ് ജ്യോതിഷികളുടെ ഭാഷ്യം. ദുര്‍മന്ത്രവാദത്തിനു പറ്റിയദിനമായും അമാവാസി കണക്കാക്കപ്പെടുന്നു. ചന്ദ്രന്റെ സാന്നിധ്യം ഇല്ലാത്തതിനാല്‍ ഭൂമിയില്‍ രാത്രിയില്‍ വെളിച്ചം എത്തുന്നില്ല എന്നതിനാല്‍ ചീത്തശക്തികള്‍ ഉണരും എന്നാണ് വിശ്വാസം. നവഗ്രഹങ്ങളിലെ പ്രധാനഗ്രഹമായ ചന്ദ്രനെ ദ്യശ്യമാകാത്തത് ഭൂമിയില്‍ മോശം സ്വാധീനം ഉണ്ടാക്കും എന്നും പറയപ്പെടുന്നു. മനുഷ്യമനസിനെ സ്വാധീനിക്കാന്‍ കഴിവുളള ഗ്രഹമായാണ് ചന്ദ്രനെ കണക്കാക്കുന്നത്.

പിതൃതര്‍പ്പണം കഥകളില്‍

പിതൃതര്‍പ്പണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു കഥ ഇതിഹാസങ്ങളില്‍ പറയുന്നുണ്ട്. ദാനശീലനായി വാഴ്ത്തപ്പെടുന്ന കര്‍ണ്ണന്‍ മഹാഭാരത യുദ്ധത്തില്‍ വീരചരമം പ്രാപിച്ച് സ്വര്‍ഗ്ഗം പൂകിയെങ്കിലും അവിടെ അദ്ദേഹത്തിന് ഭക്ഷണത്തിനു പകരം കഴിക്കാന്‍ ലഭിച്ചത് സ്വര്‍ണ്ണമായിരുന്നത്രെ. ഇതിന്റെ കാരണം ആരാഞ്ഞ കര്‍ണ്ണനോട് ദേവേന്ദ്രന്‍ പറഞ്ഞത് ജീവിച്ചിരുന്ന കാലത്ത് കര്‍ണ്ണന്‍ യഥാവിധി പിതൃപൂജചെയ്തിരുന്നില്ല എന്നായിരുന്നു. സ്വര്‍ണ്ണം ധാരാളമായി ദാനം ചെയ്തതിനാല്‍ ഭക്ഷണമായി സ്വര്‍ണ്ണം ലഭിക്കുന്നത്. യഥാസമയത്ത് പൂര്‍വ്വികരെ സ്മരിച്ച് ജലവും ഭക്ഷണം ശ്രാദ്ധമായി നല്‍കാന്‍ തന്റെ ജന്മത്തിന്റെ പ്രത്യേകതകള്‍കൊണ്ട് കഴിയാതെ പോയ കര്‍ണ്ണന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ശ്രാദ്ധചടങ്ങുകള്‍ നടത്താനായി ഭൂമിയിലേക്കു തിരിച്ചു. പതിനഞ്ചുദിവസത്തേക്കായിരുന്നു ആ യാത്ര.

എന്താണ് പിതൃപക്ഷം..?

ഭക്ഷണവും ജലവും നല്‍കി പിതൃക്കളെ ശ്രാദ്ധമുട്ടി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കര്‍ണ്ണന്‍ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. ഈ കാലയളവിനെയാണ് പിതൃപക്ഷം എന്നറിയപ്പെടുന്നത്. പിതൃക്കളെ ശ്രാദ്ധമൂട്ടാതെ, ഏതുവലിയ പുണ്യപ്രവര്‍ത്തി ചെയ്താലും അപൂര്‍ണ്ണമാണെന്നാണ് ഈ കഥയിലൂടെ പറയുന്നത്.

കര്‍ക്കിടകത്തിലെ വാവുബലിക്ക് സമാനമായ ചടങ്ങുകളും വിശ്വാസവുമാണ് വടക്കേ ഇന്ത്യയില്‍ ആചരിക്കുന്ന പിതൃപക്ഷശ്രാദ്ധവും മഹാലയശ്രാദ്ധപക്ഷവും. പുരാണങ്ങള്‍ പ്രകാരം സൂര്യന്‍ തുലാരാശിയിലേക്ക് പ്രവേശിക്കുന്ന പിതൃപക്ഷത്തിന്റെ തുടക്കില്‍ മരണപ്പെട്ട പിതൃക്കളുടെ ആത്മാക്കള്‍ പിന്‍തലമുറക്കാരെ കാണാനായി ഒരുമാസക്കാലം ഭൂമിയിലേക്കെത്തും എന്നാണ് ഈ ചടങ്ങുകള്‍ക്കു പിന്നിലെ വിശ്വാസം. സൂര്യന്‍ വൃശ്ചികരാശിയില്‍ കടക്കുന്ന കാലയളവില്‍ പിതൃക്കള്‍ മടങ്ങും എന്നാണ് പറയപ്പെടുന്നത്.

പിതൃലോകം

പിതൃലോകത്തെപ്പറ്റിയും പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഇടയിലാണ് പിതൃലോകത്തിന്റെ സ്ഥാനം, മരണദേവന്‍ യമനാണ് നാഥന്‍. ഒരുതലമുറയിലെ മൂന്നുപേര്‍ക്കാണ് ഒരുസമയത്ത് ഇവിടെ സ്ഥാനം ഉണ്ടാകുക. പിതൃപൂജയും ശ്രാദ്ധമുട്ടലും ഇവര്‍ക്കാണ് ലഭിക്കുക. ഒരുപരമ്പരയിലെ ഒരാള്‍ മരിക്കുമ്പോഴാണ് പിതൃലോകത്തിലുളള മൂന്നില്‍ ഒരാത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത്.

സ്വര്‍ഗ്ഗത്തിലെത്തിയാല്‍ ആത്മാവ് പരമാത്മാവില്‍ ലയിച്ച് മുക്തി നേടും. സ്വര്‍ഗ്ഗലോകം കാത്തിരിക്കുന്ന പിതൃലോകത്തിലെ ആത്മാക്കളുടെ മുക്തിക്കു വേണ്ടിയാണ് പിതൃതര്‍പ്പണം നടത്തുന്നത്. പുത്രന്‍ വേണം പിതൃപക്ഷകാലത്ത് ശ്രാദ്ധം ഊട്ടേണ്ടത്. ഗരുഡ പുരാണപ്രകാരം ഇത് നിര്‍ബന്ധമാണ്. മാര്‍ക്കണ്ഡേയ പുരാണം പറയുന്നത് ഗുണം, അറിവ്, ധനം, ആയുസ്, സ്വര്‍ഗ്ഗം എന്നിവ പിതൃതര്‍പ്പണത്തിന്റ ഫലങ്ങളാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments