ബാഗേശ്വര്‍: സ്കൂളില്‍ കുട്ടികളുടെ അസ്വഭാവിക പെരുമാറ്റം പ്രേതബാധ മൂലമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ആര്‍ത്തലച്ച് കരയുകയും നിലവിളിക്കുകയും വിറയ്ക്കുകയും തലയിട്ടടിക്കുകയും ചെയ്യുകയാണിവിടെ. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളു?ടെ അസ്വഭാവിക പെരുമാറ്റം കണ്ട് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അധ്യാപകര്‍.
കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ കൂട്ടമായി നിലവിളിക്കുന്നതിന്റേയും അബോധാവസ്ഥയില്‍ കിടക്കുന്നതിന്റേയും നിലത്തിരുന്ന് തലയിട്ടടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബാഗേശ്വറിലെ റൈഖുലി ഗ്രാമത്തിലെ ജൂനിയര്‍ ഹൈസ്കൂളിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഏതാനും വിദ്യാര്‍ഥിനികളും ഒരു വിദ്യാര്‍ഥിയും അസാധാരണ രീതിയില്‍ പെരുമാറിത്തുടങ്ങിയതെന്ന് പ്രധാന അധ്യാപികയായ വിമലാ ദേവി പറഞ്ഞു.
പിറ്റേദിവസം വിദ്യാഭ്യാസ വകുപ്പ് അധികൃതരും ഡോക്ടര്‍മാരും സ്കൂള്‍ സന്ദര്‍ശിച്ചപ്പോഴും രണ്ട് വിദ്യാര്‍ത്ഥിനികള്‍ നിലവിളിക്കുകയും അസാധാരണമായി പെരുമാറുകയും ചെയ്തു. ‘അവര്‍ കരയുകയും നിലവിളിക്കുകയും അകാരണമായി തലയിട്ടടിക്കുകയും ചെയ്തു. ഞങ്ങള്‍ മാതാപിതാക്കളെ വിളിച്ചു കാര്യം പറഞ്ഞു. അവര്‍ ഒരു പ്രാദേശിക പുരോഹിതനെ വിളിച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്’ -വിമലാ ദേവി പറഞ്ഞു. വ്യാഴാഴ്ചയും സംഭവം ആവര്‍ത്തിച്ചതായി ഇവര്‍ പറയുന്നു.
‘ഇന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ ഇവിടെ ഉണ്ടായിരുന്നപ്പോഴും ചില വിദ്യാര്‍ത്ഥികള്‍ ഇതേ രീതിയില്‍ പെരുമാറി. സ്കൂള്‍ കാമ്പസിനുള്ളില്‍ പൂജ നടത്തണമെന്നാണ് രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുന്നത്. സ്കൂളിന് ബാധയേറ്റതായി അവര്‍ വിശ്വസിക്കുന്നു. ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചിട്ടാണെങ്കിലും ആത്മീയ ചികിത്സകരുടെ സഹായത്തോടെ ആണെങ്കിലും ഇത് മാറ്റാന്‍ ഞങ്ങള്‍ എന്തും ചെയ്യും. എല്ലാം സാധാരണ നിലയിലാകണം’ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം കേസുകളെ മാസ് ഹിസ്റ്റീരിയ എന്ന് വിളിക്കാമെന്ന് ബാഗേശ്വറിലെ ജില്ലാ പഞ്ചായത്ത് അംഗം ചന്ദന്‍ റാവത്ത് പറഞ്ഞു. ജില്ലയിലെ മറ്റ് ചില സ്കൂളുകളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.