Tuesday, August 9, 2022

HomeMain Storyഅമേരിക്ക മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്; ഇല്ലെന്ന് പ്രസിഡന്റ് ബൈഡന്‍

അമേരിക്ക മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്; ഇല്ലെന്ന് പ്രസിഡന്റ് ബൈഡന്‍

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്ക മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിഞ്ഞതിനെ തുടര്‍ന്നാണ് അമേരിക്ക സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 0.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ത്രൈമാസത്തില്‍ ജിഡിപി 0.9 ശതമാനം ചുരുങ്ങി. ജനുവരി- മാര്‍ച്ച് മാസത്തിലും വളര്‍ച്ചയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അന്ന് 1.6 ശതമാനമാണ് ജിഡിപി ചുരുങ്ങിയത്. തുടര്‍ച്ചയായി രണ്ടു പാദങ്ങളില്‍ ജിഡിപി വളര്‍ച്ച ഇടിഞ്ഞതോടെയാണ് അമേരിക്ക മാന്ദ്യത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്വകാര്യ, പൊതു നിക്ഷേപം കുറഞ്ഞതാണ് ജിഡിപിയെ ബാധിച്ചതെന്നാണ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് വ്യക്കമാക്കുന്നത്. കഴിഞ്ഞദിവസവും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. 75 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. സാമ്പത്തികരംഗത്തെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കടുത്ത നടപടികളാണ് സമ്പദ് വ്യവസ്ഥ ചുരുങ്ങാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നത്.

അതേസമയം അമേരിക്കയില്‍ നിലവില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിയുകയാണ്. ഈ ആഴ്ച അവസാനത്തോടെയാണ് പുതിയ റിപ്പോര്‍ട്ട് വരാന്‍ പോകുന്നത്. എന്നാല്‍ ബൈഡന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ നോക്കിക്കാണുന്നത്. ”എന്റെ കാഴ്ച്ചപ്പാടില്‍ നമ്മളൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇപ്പോള്‍ പോകാന്‍ യാതൊരു സാധ്യതയുമില്ല…” ബൈഡന്‍ പറഞ്ഞു.

രാജ്യത്തെ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ പുരോഗതിയാണുള്ളത്. തൊഴില്‍മേഖലയില്‍ സുസ്ഥിരമായ പുരോഗതിയിലേക്കാണ് രാജ്യം പോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിക്ക് യാതൊരു സാധ്യതയുമില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. യുഎസിലെ മുതിര്‍ന്ന പല ഉദ്യോഗസ്ഥരും സാമ്പത്തികമാന്ദ്യത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. ശക്തമായ തൊഴില്‍ വിപണികള്‍ കണക്കിലെടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് അവര്‍ പറയുന്നു.

യുഎസ് ജിഡിപിയില്‍ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 1.6 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. രണ്ടാം പാദത്തിലും ജിഡിപി ഇടിയുമെന്ന് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സാമ്പത്തിക വിദഗ്ദര്‍ക്കിടയിലെ ഒരു വിഭാഗം ഇപ്പോഴും ജിഡിപി പുരോഗതി കൈവരിക്കുമെന്ന് പ്രത്യാശ പുലര്‍ത്തുന്നുണ്ട്. ആദ്യപാദത്തില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് ജിഡിപിയില്‍ ഉണ്ടായത്. കോവിഡ് വ്യാപനമാണ് യുഎസ് സാമ്പത്തികമേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിച്ചത്.

എന്നാല്‍ പണപ്പെരുപ്പം കുറയ്ക്കുന്നതിന് വേണ്ടിയുള്ള സാമ്പത്തികനയം രൂപീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് യുഎസ് ഭരണകൂടം. ഫെഡറല്‍ റിസര്‍വിന് ഇക്കാര്യത്തില്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യാനാണ് തീരുമാനം. പലിശനിരക്ക് മുക്കാല്‍ ശതമാനം കൂടി വര്‍ധിപ്പിച്ചേക്കും. വരുന്ന മൂന്ന് പാദങ്ങളില്‍ ഈ കൂടിയ പലിശനിരക്ക് നിലനിര്‍ത്താനാണ് തീരുമാനം.

പണപ്പെരുപ്പം കുറയ്ക്കുന്നതിന് പലിശനിരക്ക് കൂട്ടുന്നത് അനിവാര്യമാണെന്ന് ഫെഡറല്‍ ചെയര്‍ ജെറോം പവല്‍ പറഞ്ഞു. എന്നാല്‍ യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ പ്രതിസന്ധി ഇല്ലാതെ എങ്ങനെ മുന്നോട്ട് പോവാന്‍ സാധിക്കുമെന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ദ്രുതഗതിയില്‍ യു.എസ് സാമ്പത്തികവ്യവസ്ഥ മുന്നോട്ട് കുതിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ഇടിവ് അമേരിക്കന്‍ കുടുംബങ്ങളെയാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ട് യുഎസിലെ ബഹുരാഷ്ട്ര കമ്പനികള്‍ നടപടികള്‍ എടുത്ത് തുടങ്ങിയിരുന്നു. ടെക്ക് ഭീമന്‍മാരായ ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ ജീവനക്കാരെ എടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില കമ്പനികള്‍ ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

ചെലവ് കുറയ്ക്കുന്നതിന്റൈ ഭാഗമായി പുതിയ നിക്ഷേപങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസില്‍ ജോലി ലഭിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ബ്ലൂംബൈര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ടെക്ക് കമ്പനികളുടെയും സാഹചര്യങ്ങള്‍ ഒരുപോലെയല്ല. പല മേഖലകളിലും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നുണ്ട്. ഏകദേശം 1 ശതമാനം പിരിച്ചുവിടല്‍ സ്ഥാപനത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വര്‍ഷം അവസാനിക്കുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് കമ്പനി പറയുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments