ന്യൂജേഴ്സി: ജനിതകമാറ്റം വരുത്തിയ പന്നി വൃക്ക സ്വീകരിച്ച 54 കാരി വിടപറഞ്ഞു. ഏപ്രിലില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും പന്നിയുടെ വൃക്ക സ്വീകരിക്കുകയും ചെയ്ത ന്യൂ ജേഴ്സി സ്വദേശി ലിസ പിസാനോയാണ് മരണത്തിന് കീഴടങ്ങിയത്. ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക സ്വീകരിച്ച ജീവിച്ചിരിക്കുന്ന രണ്ടാമത്തെ വ്യക്തയായിരുന്നു ലിസ.
മാത്രമല്ല, കൃത്രിമ ഹാര്‍ട്ട് പമ്പിന്റെ സഹായത്തോടെയായിരുന്നു ഹൃദ്രോഗിയായ ഇവര്‍ ഏപ്രില്‍ മുതല്‍ ജീവിച്ചതും. ഇരു ശസ്ത്ര ക്രിയകളും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് നടത്തിയത്. അതേസമയം, ഹൃദയ പമ്പുമായി ബന്ധപ്പെട്ട് രക്തയോട്ടം കുറഞ്ഞതോടെ സ്വീകരിച്ച പന്നി വൃക്ക തകരാറിലാകുകയും മെയ് 29 ന് അത് നീക്കം ചെയ്യേണ്ടിയും വന്നു. പിന്നീട് ഇവര്‍ ഡയാലിസിസ് പുനരാരംഭിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.
റിച്ചാര്‍ഡ് സ്ലേമാന്‍ എന്ന 62 കാരനാണ് ആദ്യമായി ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ചത്. ശസ്ത്രക്രിയക്കുശേഷം സ്ലേമാന്‍ സുഖം പ്രാപിച്ചുവെങ്കിലും, പിസാനോയെപ്പോലെ സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിരയാകുകയും രണ്ട് മാസത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.