ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍. തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പോകാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്.
രണ്ട് ഡോസ് വാക്‌സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്‌നാട് ഇളവ് നല്‍കുമ്പോള്‍ കര്‍ണാടക ആ ഇളവ് പോലും നല്‍കുന്നില്ല.
കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇരുപതിനായിരം പിന്നിട്ടതോടെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്. ഓഗസ്റ്റ് അഞ്ച് മുതല്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കി.
വിമാനയാത്രികരെ തെര്‍മര്‍ സ്കാനറിലൂടെ പരിശോധിക്കും. രോഗ ലക്ഷണമുള്ളവരെ അവിടെ വെച്ച് തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്‌നാട്ടിലെത്താന്‍ ആര്‍.ടി.പി.സിആര്‍ പരിശോധനാ ഫലം വേണ്ട എന്നും ആരോഗ്യ മന്ത്രി മാ.സുബ്രഹ്മണ്യം പറഞ്ഞു.
കേരളത്തിലെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്തു. വാളയാര്‍ ഉള്‍പ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക് പോസ്റ്റിലും കര്‍ശന പരിശോധന ഉണ്ടാകും. പരിശോധനാ ഫലമോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശമില്ലാത്തവര്‍ ചെക്പോസ്റ്റില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.
കര്‍ണാടകയും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ നിന്ന് എത്തുന്ന എല്ലാവരും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി ആര്‍ പരിശോധനാ ഫലമാണ് കരുതേണ്ടത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഇളവില്ല.
സര്‍ക്കാര്‍ നിര്‍ദേശം നാളെ മുതലാണ് നിലവില്‍ വരുന്നതെങ്കിലും തലപ്പാടിയില്‍ ഇന്ന് തന്നെ നിയന്ത്രണം കര്‍ശനമാക്കി. കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരേയും മാത്രമേ യാത്ര തുടരാന്‍ അനുവദിക്കുന്നുള്ളു.