ബാര്‍സിലോണ: സ്പാനിഷ് ക്ലബ് ബാര്‍സിലോന വിടുന്ന കാര്യത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ കണ്ണീരണിഞ്ഞ് സൂപ്പര്‍താരം ലയണല്‍ മെസ്സി. ബാര്‍സ വിടുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനായി പ്രത്യേകം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മെസ്സി കണ്ണീരണിഞ്ഞത്. വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്ന് മെസി പറഞ്ഞു. 21 വര്‍ഷം തന്നെ സ്‌നേഹിച്ച സഹതാരങ്ങള്‍ക്കും, ക്ലബിനും ആരാധകര്‍ക്കും മെസി നന്ദി രേഖപ്പെടുത്തി.
ഭാവിയേക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ മെസ്സി മനസ്സു തുറന്നു. ഇനി പിഎസ്ജിയിലേക്കാണെന്ന് ഉറപ്പിച്ചു പറഞ്ഞില്ലെങ്കിലും, “അതും ഒരു സാധ്യതയാണെന്ന്’ വാര്‍ത്താ സമ്മേളനത്തിനിടെ മെസ്സി വ്യക്തമാക്കി. “ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ബാര്‍സിലോന വിടുന്ന കാര്യം പരസ്യമായതോടെ ഒട്ടേറെ വിളികള്‍ വരുന്നുണ്ട്. അതെല്ലാം ചര്‍ച്ചയിലാണ്’ മെസ്സി പറഞ്ഞു.
“ഇത്തരമൊരു നിമിഷത്തിനായി ഞാന്‍ ഒരുങ്ങിയിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ഇത് വളരെ വേദനാജനകമാണ്. കഴിഞ്ഞ വര്‍ഷം ടീം വിടാമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, ഇത്തവണ തുടരാനായിരുന്നു ആഗ്രഹം. ഇവിടെത്തന്നെ തുടരണമെന്നാണ് ഞാനും എന്റെ കുടുംബവും ആഗ്രഹിച്ചത്’ കണ്ണീരോടെ മെസ്സി പറഞ്ഞു.
“21 വര്‍ഷം ഇവിടെ ജീവിച്ചശേഷം എന്റെ മൂന്ന് കറ്റാലന്‍അര്‍ജന്റീന മക്കളുമായി ഞാന്‍ മടങ്ങുകയാണ്. ഈ നഗരത്തിലാണ് ഞങ്ങള്‍ ദീര്‍ഘകാലം ജീവിച്ചത്. ഇത് ഞങ്ങള്‍ക്ക് വീടു തന്നെയായിരുന്നു. എല്ലാറ്റിനും നന്ദി പറയാന്‍ മാത്രമേ കഴിയുന്നുള്ളൂ. എന്റെ സഹതാരങ്ങള്‍ക്കും എന്നോടൊപ്പം ചേര്‍ന്നു നിന്നവര്‍ക്കും നന്ദി’ മെസ്സി പറഞ്ഞു.
“ഇവിടെ എത്തിയ അന്നു മുതല്‍ ടീമിനായി കളിച്ച അവസാന ദിനം വരെ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നെങ്കിലും ഇവിടെനിന്ന് പോകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല. ഒന്നു പറയാം. ഇവിടെ തുടരാന്‍ ഞാന്‍ സാധ്യമായതെല്ലാം ചെയ്തതാണ്. പക്ഷേ അവര്‍ക്ക് (ബാര്‍സിലോന അധികൃതര്‍ക്ക്) ലാ ലിഗയിലെ ചട്ടങ്ങള്‍ കാരണം ഒന്നും ചെയ്യാനായില്ല’ മെസ്സി പറഞ്ഞു.
“ഞാന്‍ പോകുന്നതിനേക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ, എന്റെ ഭാഗത്തുനിന്ന് തുടരാന്‍ സാധിക്കുന്നതെല്ലാം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം എനിക്ക് തുടരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഞാന്‍ അതു പറയുകയും ചെയ്തിരുന്നു. ഈ വര്‍ഷം എനിക്ക് പോകാന്‍ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. അതിനു സാധിക്കുമായിരുന്നില്ല എന്നതാണ് സത്യം’ മെസ്സി പറഞ്ഞു.
“ഈ ക്ലബ്ബിനെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു. ഇവിടുത്തെ ആരാധകരെ കാണാതിരുന്ന കഴിഞ് ഒന്നര വര്‍ഷത്തെ ജീവിതം കഠിനമായിരുന്നു. ഇവിടെനിന്ന് വിടപറയുന്നതിനെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ത്തന്നെ കാംപ്നൂ നിറയെ ആരാധകര്‍ക്കിടയില്‍നിന്ന് നല്ല രീതിയില്‍ യാത്ര പറയാനാകും ആഗ്രഹിക്കുക’ മെസ്സി പറഞ്ഞു.
13ാം വയസ്സില്‍ നൂകാംപിലെത്തിയ മെസ്സി ഏതാണ്ട് 21 വര്‍ഷത്തോളമാണ് അവിടെ തുടര്‍ന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന മെസ്സി 2003ല്‍ തന്റെ 16ാം വയസ്സിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്.