ഹൂസ്റ്റണ്‍: മിസോറി സിറ്റി മേയറായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം റോബിന്‍ ഇലക്കാട്ട് ആദ്യമായി നടത്തിയ ‘സ്‌റ്റേറ്റ് ഓഫ് ദി സിറ്റി’ പ്രഭാഷണം ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനമായി ഏവരും നെഞ്ചിലേറ്റി. മിസോറി സിറ്റി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ 400ല്‍ പരം പേര് പങ്കെടുത്ത ചടങ്ങില്‍ റോബിന്റെ നിര്‍ദേശങ്ങളും ആശയങ്ങളും ഹര്‍ഷാരവങ്ങളോടെ ആളുകള്‍ എതിരേറ്റു.
ഏഴ് അംഗ സിറ്റി കൗണ്‍സില്‍ മുന്‍പ് രണ്ട് തട്ടിലായിരുന്നുവെങ്കില്‍ ഇപ്പോഴത് റോബിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി രംഗത്തു വന്നതും ശ്രദ്ധേയമായി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ വച്ച് അമ്മ മരണപ്പെട്ടതിന്റെ വേദനയുമായാണ് അദ്ദേഹം തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളുമായി പുതിയ തുടക്കത്തിന്റെ പ്രതീക്ഷ പങ്കുവച്ചത്.
നഗരത്തിന്റെ വൈവിധ്യം, എ-പ്ലസ് സൗകര്യങ്ങള്‍, മികച്ച ജോലിക്കാര്‍, നിങ്ങളെപ്പോലുള്ള പങ്കാളികള്‍ എന്നിവ പ്രയോജനപ്പെടുത്തി വികസന രംഗത്ത് അടിമുടി മാറ്റം വരുത്തി ആ സന്തോഷം ആഘോഷിക്കാന്‍ അടുത്ത വര്‍ഷവും ഒത്തുചേരുമെന്ന മുഖവുരയോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.
ജനങ്ങളുടെ സമന്വയത്തില്‍ നിന്നുതന്നെ നഗരം വളരുന്നത് തൊട്ടറിയാനാകുന്നുണ്ടെന്നും മേയര്‍ അഭിപ്രായപ്പെട്ടു. ഹൈവേ 6 സൈഡ്, ടെക്‌സസ് പാര്‍ക് വേ സൈഡ്, ഹാരിസ് കൗണ്ടി സൈഡ് എന്നിങ്ങനെ വേര്‍തിരിക്കാതെ മിസോറി സിറ്റിയെ ഒന്നായി കാണണമെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.
മിസോറി സിറ്റിയുടെ പുരോഗതിയും ഭാവി പദ്ധതികളും ഉയര്‍ത്തിക്കാട്ടുന്ന ചടങ്ങില്‍ മേയറിനൊപ്പം ചേര്‍ന്ന ആറ് കൗണ്‍സില്‍ അംഗങ്ങളും ഐക്യത്തിന്റെ സന്ദേശമാണ് പകര്‍ന്നത്. കൊവിഡ് മഹാമാരിയും ശൈത്യവും കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടവും പൊതുസ്ഥാപനങ്ങളും സ്വീകരിച്ച നിലപാടുകള്‍ പ്രശംസനീയമാണെന്ന് മേയര്‍ വിലയിരുത്തി.
നഗരത്തിന്റെ സാമ്പത്തിക സേവന വിഭാഗം, പൗരന്മാരും നിക്ഷേപകരും നടത്തുന്ന ഇടപാടുകളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് ഫിനാന്‍സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഓഫ് യു.എസ് ആന്‍ഡ് കാനഡ വിശിഷ്ട ബജറ്റ് അവതരണത്തിനു നല്‍കുന്ന അവാര്‍ഡ് തുടര്‍ച്ചയായ 33-ാം വര്‍ഷവും മിസോറി സിറ്റിക്കാണ്.
അമേരിക്കന്‍ റെസ്‌ക്യൂ പ്ലാന്‍ ആക്റ്റില്‍ നിന്നുള്ള 7.5 മില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ട് ഉപയോഗിച്ച് നിരവധി പദ്ധതികളാണ് മിസോറി സിറ്റിയില്‍ ആസൂത്രണം ചെയ്യുന്നത്. ഇതില്‍ 6 മില്യണ്‍ ഡോളര്‍ മസ്താങ് ബയൂ സര്‍വീസ് ഏരിയയിലും ഹൈവേ 6 കോറിഡോറിലും ചെലവഴിക്കും. അടിയന്തിരഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തില്‍ 25 മുതല്‍ 35% വരെ കരുതല്‍ നിക്ഷേപമുണ്ട്.
വസ്തുവകകള്‍, വില്‍പ്പന നികുതികള്‍, മറ്റ് നികുതികള്‍, ഫ്രാഞ്ചൈസി ഫീസ്, ലൈസന്‍സുകളും അനുമതികളും മറ്റുമാണ് ജനറല്‍ ഫണ്ടിന്റെ പ്രാഥമിക വരുമാന സ്രോതസ്സുകള്‍. മഹാമാരിക്കിടയിലും സിറ്റിയിലെ വില്‍പ്പന നികുതി വരുമാനത്തില്‍ ആറര ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബൃഹത്തായ വാണിജ്യ, വിദ്യാഭ്യാസ പദ്ധതികളും മിസോറി സിറ്റിക്കുണ്ട്.
മേയര്‍ പ്രൊ ടെം ആന്തണി മാറോളിസ് നടത്തിയ പ്രസംഗത്തില്‍ വ്യാവസായിക മേഖലയിലെ ഏറ്റവും വലിയ പ്രതീക്ഷയായ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്റര്‍ ആരംഭിക്കുന്നത് ചൂണ്ടിക്കാട്ടി. 500 ലധികം തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടും. ആമസോണിന് നികുതി ആനുകൂല്യങ്ങളോ ഇളവുകളോ നല്‍കിയിട്ടില്ല.
വാണിജ്യരംഗത്ത് ഫോര്‍ട്ട് ബെന്‍ഡ് ടവര്‍ സെന്റര്‍ 2 ആണ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതി. 42 ഏക്കര്‍ വസ്തു ഉള്‍പ്പെടുന്ന ഈ പ്രൊജക്ടില്‍ 50,000 ചതുരശ്ര അടി വിനോദത്തിനായും 200,000 ചതുരശ്ര അടി ചില്ലറ വില്‍പ്പനയ്ക്കായും 50,000 ചതുരശ്ര അടി റെസ്‌റ്റോറന്റുകള്‍ക്കായും സമര്‍പ്പിച്ചിരിക്കുകയാണ്. കൂടാതെ, സിനിമ തിയേറ്റര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്
റെസിഡന്‍ഷ്യല്‍ മേഖലയില്‍ ഡ്രൈ ക്രീക്ക് വില്ലേജില്‍ 119 ഏക്കറില്‍ 408 വീടുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയും പാര്‍ക്ക്‌സ് എഡ്ജില്‍ 300 ഏക്കറില്‍ 1,029 പുതിയ വീടുകള്‍ അടങ്ങുന്ന പദ്ധതിയും, ഷിപ്പ്മാന്‍സ് കോവില്‍ 95 ഏക്കറില്‍ 274 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയും, മസ്താങ് ട്രെയില്‍സില്‍ 60 ഏക്കറില്‍ 227 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയും നടപ്പാക്കും.
വിദ്യാഭ്യാസ മേഖലയില്‍, ഫോര്‍ട്ട് ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ്‌സ്‌കൂള്‍ ഡിസ്ട്രിക്ട് 135,000 ചതുരശ്ര അടിയില്‍ 2 നിലകളുള്ള പ്രാഥമിക വിദ്യാലയം നിര്‍മ്മിക്കുന്നുണ്ട്. മിസോറി സിറ്റി ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി തുടരുന്നതില്‍ ഫോര്‍ട്ട് ബെന്‍ഡിലെയും ടെക്‌സാസിലേയും പോലീസിന്റെയും ഫയര്‍ റെസ്‌ക്യൂ ടീമിന്റെയും പ്രകടനത്തിന് കൗണ്‍സില്‍ അംഗമായ ഫ്‌ലോയിഡ് എമെറി നന്ദി പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ 7 ശതമാനം കുറഞ്ഞതായും കവര്‍ച്ചകളില്‍ 10 ശതമാനം കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനാപകടങ്ങളില്‍ 17 ശതമാനം കുറവുണ്ടായി. ഏറ്റവും പുതിയ സാങ്കേതികവിദ്യയായ യു.എ.എസ് ഡ്രോണ്‍ പ്രോഗ്രാം ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നത്. 6 ഫയര്‍ സ്‌റ്റേഷനുകള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്.