പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാന്‍ വിഷയം കൈകാര്യം ചെയ്ത വിഷയത്തില്‍ ബൈഡന്‍ തീര്‍ത്തും പരാജയമാണെന്നും, ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ രാജിവയ്ക്കണമെന്നും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഓഗസ്റ്റ് 15-ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന താലിബാന്റെ മുന്നേറ്റം, കോവിഡിന്റെ അതിവ്യാപനം, അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളുടെ പ്രവാഹം, അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക തകര്‍ച്ച ഇതിന്റെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ബൈഡന്‍ രാജിവയ്ക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു.
അഫ്ഗിനിസ്ഥാനിലെ പ്രത്യേകിച്ച് തലസ്ഥാനമായ കാബൂളിലെ ജനങ്ങള്‍ വിഭ്രാന്തിയിലാണ്. കാബൂള്‍ വിമാനത്താവളം രാജ്യം വിടാന്‍ ഒരുങ്ങുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ട്രംപ് ഭരണകൂടം താലിബാനുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അഫ്ഗിനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കുന്നതിന് താലിബാന്‍ എല്ലാ സഹകരണവും ഉറപ്പു നല്‍കിയിരുന്നതാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ 2021 സെപ്റ്റംബര്‍ 11-ന് മുമ്പ് അമേരിക്കന്‍ സൈന്യത്തെ അഫ്ഗിനിസ്ഥാനില്‍ നിന്നും പൂര്‍ണമായി പിന്‍വലിക്കുന്നതിന് തീരുമാനിച്ചിരുന്നു.
എന്നാല്‍ താലിബാന്‍ ധാരണ ലംഘിച്ചാല്‍ വീണ്ടും സൈന്യത്തെ അയയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ട്രംപ് പറഞ്ഞു. സെപ്റ്റംബറിനു മുമ്പ് പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള തീരുമാനമാണ് ഇന്നത്തെ സങ്കീര്‍ണമായ അവസ്ഥയിലേക്ക് അഫ്ഗിനിസ്ഥാനെ എത്തിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.
എന്നാല്‍ ബൈഡന്റെ തീരുമാനത്തിനു ഒരു മാറ്റവുമില്ലെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.