ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഏറ്റവും വലുതും, കലാ കായിക സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനയുമായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഓഗസ്റ്റ് 14 ന് ‘ഓണം 2021’ വര്‍ണ്ണപകിട്ടോടെ, കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിയില്‍ വിപുലമായി നടത്തി.
വിവിധ തരത്തിലുള്ള കലാപരിപാടികള്‍, ചെണ്ടമേളം, താലപ്പൊലി, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആസ്വദിക്കാന്‍ ഹൂസ്റ്റണിലെ നിരവധി മലയാളി കുടുംബങ്ങള്‍ എത്തി. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണാഘോഷത്തില്‍ ഏവരും പങ്കുചേര്‍ന്നപ്പോള്‍ അത് സമഭാവനയുടെ പൂവിളിയയായി.
പ്രതിസന്ധികള്‍ക്കിടയിലും കേരള നാടിന്റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷം പരമാവധി മനോഹരവും ആസ്വാദ്യകരവുമാക്കുവാന്‍ മാഗ് ഭാരവാഹികള്‍ക്ക് കഴിഞ്ഞു. രാവിലെ 11 മണിക്ക് ആരംഭിച്ച ഓണഘോഷ പരിപാടികള്‍ക്ക് മാഗ് പ്രസിഡന്റ് വിനോദ് വാസുദേവന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അസിം മഹാജന്‍ മുഖ്യാതിഥി ആയിരുന്നു. ‘ഓര്‍മ്മചെപ്പ് 2021’ എന്ന പേരിലുള്ള മാഗിന്റെ സുവനീര്‍ വിനോദ് വാസുദേവന് കൈമാറികൊണ്ട് അസിം മഹാജന്‍ പ്രകാശനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ജോജി ജോസഫ് (സെക്രട്ടറി) സ്വാഗത പ്രസംഗവും മാര്‍ട്ടിന്‍ ജോണ്‍ (ട്രസ്റ്റി ബോഡ് അംഗം) ആശംസപ്രസംഗവും നടത്തി.
മാത്യു കൂടാലില്‍ (ട്രഷറര്‍) ഓണാഘോഷ പരിപാടികളില്‍ സംബന്ധിച്ചവര്‍ക്കും ഈ പരിപാടിയും സുവനീറും വിജയമാക്കാന്‍ സഹായിച്ച എല്ലാ സ്‌പോണ്‍സേഴ്‌സിനും പ്രത്യേക നന്ദി അറിയിച്ചു. സുവനീര്‍ കെട്ടിലും മട്ടിലും മികവുറ്റതാക്കിയ ചീഫ് എഡിറ്റര്‍ സൈമണ്‍ വളാച്ചേരിലിനെയും എഡിറ്റോറിയല്‍ ബോര്‍ഡിനെയും മാഗ് പ്രസിഡന്റ് വിനോദ് വാസുദേവന്‍ അഭിനന്ദിച്ചു.
റെനി കവലയില്‍, റോയ് മാത്യു, സൂര്യജിത്, എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായിരുന്നു. റോയ് മാത്യു, രേഷ്മ വിനോദ് എന്നിവര്‍ പ്രോഗ്രാം അവതാരകരായി. മാഗിന്റെ ബോര്‍ഡ് അംഗങ്ങള്‍, ട്രസ്റ്റീ അംഗങ്ങള്‍, നിരവധി വോളന്റീയേഴ്‌സ് എന്നിവരുടെ സഹകരണത്തോടെ ഓണത്തിന്റെ പൈതൃകം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ഓണഘോഷ പരിപാടികള്‍ വിജയകരമാക്കി.
മാഗിന്റെ റീക്രിയേഷന്‍ ബില്‍ഡിംഗ് പുനരുദ്ധാരണത്തിന്റെ സംഭാവന നല്‍കിയ മാഗ് മുന്‍ പ്രസിഡന്റ് ശശിധരന്‍നായരെ ചടങ്ങില്‍ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.
മറുപടി പ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ സൈമണ്‍ വളാച്ചേരില്‍ സോവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ സമയബന്ധിതമായി കാര്യങ്ങള്‍ നീക്കിയതിന് വിനോദ് വാസുദേവന്‍, അനില്‍ ആറന്മുള, ടി.എന്‍ സാമുവല്‍, ഡോ. ബിജു പിള്ള, റോയ് മാത്യൂസ് എന്നിവരുടെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം അനുമോദനം അര്‍പ്പിച്ചു.
വളരെ ചെറിയ സമയത്തിനുള്ളില്‍ നേര്‍കാഴ്ച ചെയര്‍മാന്‍ രാജേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ മികവുറ്റ രീതിയില്‍ എഡിറ്റിങ്, ലേഔട്ട് ജോലികള്‍ നിര്‍വഹിച്ച നേര്‍കാഴ്ച ക്രിയേറ്റീവ് ടീമിനും പ്രിന്റിങ് ജോലികള്‍ വെടിപ്പോടെ നിര്‍വഹിച്ച ബാബു, ടീ.ജി.എം പ്രിന്റിങ്ങിനും ചീഫ് എഡിറ്റര്‍ സൈമണ്‍ വളാച്ചേരില്‍ നന്ദി പറഞ്ഞു.