ന്യൂയോര്‍ക്ക്: യുഎസ് സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ബൈഡനെതിരെ വന്‍ രോഷമുയരുന്നുണ്ട്. പ്രതിപക്ഷം ജോ ബൈഡനെതിരെ ശക്തമായി പ്രതികരിച്ചു. ജോ ബൈഡന്റെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു എന്നാണ് റിപ്പബ്ലിക്കന്‍ പ്രതിനിധി എലിസ് സ്‌റ്റെഫാനിക് പ്രതികരിച്ചത്. കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ബൈഡന്‍ പരാജയപ്പെട്ടെന്നും എലിസ് കുറ്റപ്പെടുത്തി.
ബൈഡനും സുരക്ഷാ ഉദ്യോഗസ്ഥരും രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടേണ്ടി വരുമെന്നും സെനറ്റര്‍ മര്‍ഷ ബ്ലാക്ബന്‍ ട്വീറ്റ് ചെയ്തു. അഭിപ്രായ സര്‍വേകളിലും ബൈഡിനെതിരെ ശക്തമായ വികാരമുയരുന്നുണ്ട്.
അതേസമയം പ്രശ്‌നത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ബൈഡന്‍ അറിയിച്ചു. 20 വര്‍ഷത്തെ യുദ്ധമവസാനിപ്പിച്ച് നഷ്ടക്കണക്കുകള്‍ മാത്രം ബാക്കിവച്ച് മടങ്ങുന്ന യുഎസിന് ഇരട്ട പ്രഹരമാണു കഴിഞ്ഞ ദിവസമുണ്ടായ ചാവേറാക്രമണം.
ഭീകരരെ വേട്ടയാടുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചെങ്കിലും സംഭവത്തില്‍ അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിക്കുപോലും ഇളക്കം തട്ടി. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് ശേഷം രാജ്യത്ത് ശാന്തത വരുത്തുമെന്ന പ്രഖ്യാപനവുമായാണ് ബൈഡന്‍ ജനുവരിയില്‍ അധികാരത്തിലേറിയത്.
യുഎസ് പിന്തുണയോടെ അധികാരത്തിലിരുന്ന അഫ്ഗാന്‍ സര്‍ക്കാര്‍ ഒറ്റ രാത്രികൊണ്ടാണ് നിലംപതിച്ചത്. താലിബാന്‍ അധികാരം പിടിച്ചശേഷം 95,000 പേരെ അഫ്ഗാനില്‍നിന്നും ഒഴിപ്പിച്ചെന്നാണ് വ്യാഴാഴ്ച രാവിലെ വാഷിങ്ടന്‍ അറിയിച്ചത്. ഇതിനു പിന്നാലെയായിരുന്നു ഐഎസ് ആക്രമണം. ഇതോടെ ഗവര്‍ണര്‍മാരുമായി നടത്താനിരുന്നു കൂടിക്കാഴ്ച ബൈഡന്‍ റദ്ദാക്കി.
യുഎസ് സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനോട് വെള്ളിയാഴ്ച വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ യോഗത്തില്‍ രാജ്യ സുരക്ഷാ ജീവനക്കാരോട് ബൈഡന്‍ പൊട്ടിത്തെറിക്കുകയും വിതുമ്പുകയും ചെയ്തു. സൈനികരെ നഷ്ടപ്പെടുന്ന ഏതു ദിവസവും പ്രസിഡന്റ് പദവിക്ക് മോശം ദിനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.