വാഷിങ്ടണ്‍: ഒന്നിനുപിറകെ ഒന്നായി എത്തുന്ന ചുഴലിക്കൊടുങ്കാറ്റുകളില്‍ മഹാഭീതിയിലാഴ്ന്ന് അമേരിക്ക. കാറ്റഗറി നാലില്‍ പെട്ട ഐഡ ചുഴലിക്കാറ്റാണ് ഏറ്റവുമവസാനം അടിച്ചുവീശിയത്.
പ്രാദേശിക സമയം ഞായറാഴ്ച ഉച്ചക്ക് 12.55 ഓടെ 230 കിലോമീറ്റര്‍ വേഗത്തില്‍ ലൂസിയാന സംസ്ഥാനത്തെ ഫോര്‍ച്ചോണ്‍ തുറമുഖത്ത് തീരം തൊട്ട ‘ഐഡ’ പ്രധാന പട്ടണമായ ന്യൂ ഓര്‍ലിയന്‍സില്‍ വൈദ്യുതി സമ്പൂര്‍ണമായി താറുമാറാക്കി. ഏഴു ലക്ഷത്തോളം പേര്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ലൂസിയാനയിലും മിസിസിപ്പിയിലും നാലു മുതല്‍ ഏഴുവരെ അടി ജലനിരപ്പുയര്‍ന്നു. മരങ്ങള്‍ കടപുഴകി. കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്‍റെ അതേ ഭീകരതയോടെയാണ് ഐഡ എത്തിയത്. 16 വര്‍ഷം മുമ്പ് കത്രീന മഹാദുരന്തമായി എത്തിയ അതേ തീയതിയില്‍, അന്ന് തീരംതൊട്ടതിന് 72 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഐഡ എത്തിയത്.
ഇതു പിന്നീട് ശക്തി കുറഞ്ഞ് കാറ്റഗറി മൂന്നിലേക്ക് മാറിയെങ്കിലും അപകടം ഒഴിവായില്ലെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനൊപ്പം കനത്തുപെയ്ത മഴയും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
രക്ഷാ ദൗത്യം വേഗത്തിലാക്കാന്‍ അടിയന്തര നടപടികള്‍ക്ക് പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കി. ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ആശങ്ക ഏറ്റവും കൂടുതല്‍.
ഇരു സംസ്ഥാനങ്ങളിലുമായി 10 ലക്ഷത്തോളം പേര്‍ക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.