ഭോപ്പാല്‍ : മധ്യപ്രദേശിലെ ജബല്‍പുരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 മരണം. നിരവധി പേര്‍ക്കു പരുക്കേറ്റു. ജബല്‍പുരിലെ ദമോഹ് നാക്കയിലെ ന്യൂ ലൈഫ് മള്‍ട്ടിസ്‌പെഷല്‍റ്റി ഹോസ്പിറ്റലിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീകെടുത്താനുള്ള ശ്രമത്തിലാണ്. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
തീപിടിത്തത്തില്‍ പത്തു പേര്‍ മരിച്ചതായി ജബല്‍പുര്‍ ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെ താഴത്തെ നിലയിലെ വൈദ്യുതി ബന്ധത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.